| Friday, 28th October 2022, 10:56 am

ഇത് ആരാണ് ചെയ്തതെന്ന് അറിയില്ല; സ്ഫടികം തിയേറ്റര്‍ റിലീസിന് ഒരുക്കിക്കൊണ്ടിരിക്കുകയാണ്; 'ഏഴിമല പൂഞ്ചോല' റീമാസ്റ്റര്‍ വേര്‍ഷനെതിരെ ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തിലെ ‘ഏഴിമല പൂഞ്ചോല’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം മാറ്റിനി നൗ എന്ന യൂട്യൂബ് ചാനല്‍ റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയിരുന്നു. വലിയ പ്രതികരണമായിരുന്നു റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയ ഗാനത്തിന് ലഭിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ വിശദീകരണവുമായി എത്തുകയാണ് സംവിധായകന്‍ ഭദ്രന്‍. ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണാന്‍ ഇടയായെന്നും എന്നാല്‍ അത് ആരാണ് ചെയ്തതെന്നോ ഏത് തരത്തിലുള്ള റീമാസ്റ്ററിങ് ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്നോ തങ്ങള്‍ക്കറിയില്ലെന്നും ഭദ്രന്‍ പറഞ്ഞു.

പ്രസ്തുത വീഡിയോയ്ക്ക് താഴെ പാട്ടിന്റെ അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമന്റുകള്‍ തന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ലെന്നും താന്‍ കൂടി ഉള്‍പ്പെട്ട Geometrics Film House എന്ന കമ്പനി, 10 മടങ്ങ് ക്വാളിറ്റിയിലും ടെക്‌നിക്കല്‍ എക്‌സലെന്‍സിയിലും അതിന്റെ ഒറിജിനല്‍ നെഗറ്റീവില്‍ നിന്നുള്ള perfect remastering പ്രൊഡ്യൂസര്‍ ആര്‍. മോഹനില്‍ നിന്ന് വാങ്ങി തിയേറ്ററില്‍ എത്തിക്കാനുള്ള അവസാന പണിപ്പുരയില്‍ ആണെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്നെ സ്‌നേഹിക്കുന്ന,സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ…. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി…

അതിന്റെ കീഴെ ചേര്‍ത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം അത് ഏത് തരത്തിലുള്ള remastering ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല. അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമെന്റുകള്‍ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല.

ഞാന്‍ കൂടി ഉള്‍പ്പെട്ട Geometrics Film House എന്ന കമ്പനി, 10 മടങ്ങ് ക്വാളിറ്റിയിലും ടെക്‌നിക്കല്‍ എക്‌സലെന്‍സിയിലും അതിന്റെ ഒറിജിനല്‍ നെഗറ്റീവില്‍ നിന്നുള്ള perfect remastering പ്രൊഡ്യൂസര്‍ ആര്‍. മോഹനില്‍ നിന്ന് വാങ്ങി തിയേറ്ററില്‍ എത്തിക്കാനുള്ള അവസാന പണിപ്പുരയില്‍ ആണ്.

Chennai, 4frames sound കമ്പനിയില്‍ അതിന്റെ 4k atmos മിക്‌സിങ്ങും ഇന്ററസ്റ്റിങ് ആയുള്ള ആഡ് ഓണുകളും ചേര്‍ത്ത് കൊണ്ട് തിയേറ്റര്‍ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്താല്‍ നല്ലതായിരുന്നു…
സ്‌നേഹത്തോടെ..

1995ലാണ് മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സ്ഫടികം പുറത്തിറക്കിയത്. ബോക്‌സ് ഓഫീസില്‍ വലിയ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു സ്ഫടികം. സിനിമയുടെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഇന്നും ആരാധകര്‍ ആഘോഷിക്കുന്ന കഥാപാത്രമാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രം. തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Content Highlight: Director Badran about Ezhimala Poonchoola Song From Spadikam Remaster Version

We use cookies to give you the best possible experience. Learn more