| Friday, 10th February 2023, 5:17 pm

കൃത്യമായിട്ട് ഈ ഡേറ്റില്‍ തന്നെയെന്തിനാണ് ക്രിസ്റ്റഫറും റിലീസ് ചെയ്തത്, അതൊരു ശരിയായ കോമ്പിറ്റേഷനാണോ? ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ ലാല്‍ ചിത്രവും മമ്മൂട്ടി ചിത്രവും ഒരുമിച്ച് തിയേറ്ററില്‍ എത്തുന്നത്. മോഹന്‍ ലാലിന്റെ സ്ഫടികവും മമ്മൂട്ടിയുടെ ക്രിസ്റ്റഫറുമാണ് ഒരുമിച്ച് എത്തിയിരിക്കുന്നത്.

സ്ഫടികം തിയേറ്ററുകളില്‍ റീറിലീസ് ചെയ്തതിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ സംവിധായകന്‍ ഭദ്രനോട് മാധ്യമപ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. തനിക്ക് ഉത്കണ്ഠയില്ലെന്നും മൂന്ന് മാസം മുന്നേ ചിത്രം റിലീസിനെത്തുന്ന ഡേറ്റ് പ്രഖ്യാപിച്ചിരുന്നുവെന്നും പിന്നെന്തിനാണ് അന്ന് തന്നെ ക്രിസ്റ്റഫറും റിലീസ് വെച്ചതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഞാന്‍ ഇങ്ങനെ വിചാരിച്ചിരിക്കുകയായിരുന്നു ഈ ചോദ്യം എന്താ വരാത്തതെന്ന്. വളരെ യാദൃശ്ചികമായിട്ട് നിങ്ങളൊന്ന് സങ്കല്‍പ്പിക്കുക. ഒരു ഓട്ടപ്പന്തയത്തിലേക്ക് ഉസൈന്‍ ബോള്‍ട്ടിനെയും ബെഞ്ചേഴ്‌സിനെയും ഒക്കെ ഓടാന്‍ വേണ്ടി ക്ഷണിച്ചുവെന്ന് സങ്കല്‍പ്പിക്കുക.

അവര്‍ ഓടാന്‍ വേണ്ടി വന്ന് ട്രോക്കില്‍ നിറഞ്ഞ് നില്‍ക്കുകയാണെന്ന് വിചാരിക്കുക. ഉത്കണ്ഠയാണോ ഉണ്ടാവുക അതോ ഇനി ആര് ഓടിയാലും ഞാനാണ് ജയിക്കുക എന്ന ചിന്തയാണോ. അവരുടെ മനസില്‍ ഞാനാടാ ഫസ്റ്റ് എന്ന ചിന്തയായിരിക്കില്ലെ ഉണ്ടാവുക.

ഇനി ആര് കൂടെ ഓടിയാലും കുഴപ്പമില്ല എന്ന മനോഭാവം ആണ് ഉണ്ടാവുക. അതുപോലെ എനിക്കും ഉത്കണ്ഠയൊന്നുമില്ല. സ്ഫടികം കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിയേറ്ററില്‍ കാണാന്‍ വരും. അവര്‍ കണ്ട് പോകട്ടെ.

പിന്നെ വളരെ കൃത്യമായിട്ട് ഈ ദിവസം തന്നെ ചെയ്തത്, അതൊരു ശരിയായ കോമ്പിറ്റേഷനാണോ, അനാരോഗ്യകരമായ കോമ്പിറ്റേഷനാണോ. എന്തായാലും സിനിമയല്ലെ നമ്മള്‍ ഇതൊക്കെ ഫേസ് ചെയ്‌തെ മതിയാകൂ,” ഭദ്രന്‍ പറഞ്ഞു.

CONTENT HIGHLIGHT: DIRECTOR BADRAN ABOUT CHRISTOPHER AND SPADIKAM SAME DAY RELEASE

We use cookies to give you the best possible experience. Learn more