| Tuesday, 12th January 2021, 10:52 am

മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്നതിനെപ്പറ്റിയും മുണ്ടുപറിച്ചുള്ള അടിയെ കുറിച്ചും പറഞ്ഞപ്പോള്‍ ലാലിലെ മുഖം മാറാന്‍ തുടങ്ങി; സ്ഫടിക ഓര്‍മ്മകള്‍ പങ്കുവെച്ച് ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ഫടികം എന്ന സിനിമയിലേക്ക് മോഹന്‍ലാലിനെ അല്ലാതെ മറ്റൊരു നടനേയും തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്തും സംവിധായകുമായ ഭദ്രന്‍. നാട്ടില്‍ നടന്ന ഒരു സംഭവം എന്ന തരത്തിലാണ് സിനിമയുടെ കഥ താന്‍ ലാലിനോട് പറഞ്ഞതെന്നും ഭദ്രന്‍ വനിത മാഗസിനില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

‘ഒരു അപ്പനും മകനും അപ്പന്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് കിട്ടിയ അധ്യാപകന്‍. മകന്‍ ചട്ടമ്പി. തോമസ് ചാക്കോ എന്നാണ് പേരെങ്കിലും അയാള്‍ അറിയപ്പെടുന്നത് ആടുതോമ എന്നാണ്. അന്നേരം ലാല്‍ ചിരിയോടെ ചോദിച്ചു. ‘ അതെന്താ അയാള്‍ക്ക് ആട് കച്ചവടമാണോ?

പിന്നീട് മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്നതിനെക്കുറിച്ചും മുണ്ടുപറിച്ചുള്ള അടിയെക്കുറിച്ചുമൊക്കെ പറഞ്ഞപ്പോള്‍ ലാലിന്റെ മുഖം മാറാന്‍ തുടങ്ങി. പോകെപ്പോകെ ലാലില്‍ ആ കഥയും കഥാപാത്രവും കയറിത്തുടങ്ങിയെന്ന് എനിക്ക് മനസിലായി.

‘മകനെ എഞ്ചിനിയറാക്കണം എന്നു പറഞ്ഞുപറഞ്ഞ് അവനെ അപ്പന്‍ ഇഞ്ചിനീരാക്കുകയായിരുന്നു,..’എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ലാല്‍ ആവേശത്തിലായിരുന്നു. ആ ആവേശമാണ് ആടുതോമയുടെ ജീവന്‍’, ഭദ്രന്‍ പറയുന്നു.

ഈ കഥ ഒരു ക്രൈസ്തവ കുടുംബത്തില്‍ നടക്കുന്നതായിരിക്കണം എന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും അങ്ങനെയാണ് തോമസ് ചാക്കോ എന്ന പേര് വന്നതെന്നും ഭദ്രന്‍ പറയുന്നു. ‘ഞങ്ങളുടെ നാട്ടില്‍ ഇടികിട്ടുന്നവര്‍ ഈരാറ്റുപേട്ടയിലൊക്ക ചെന്ന് മുട്ടനാടിന്റെ ചോര കുടിക്കും. അങ്ങനെയാണ് മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന എന്ന ഡയലോഗും ആടുതോമ എന്ന പേരും വന്നത്’, ഭദ്രന്‍ പറയുന്നു.

ആടുതോമയ്ക്ക് ഒരിക്കലും ഒരു രണ്ടാം ഭാഗമില്ലെന്നും പക്ഷേ പുതിയ തലമുറയ്ക്ക് വേണ്ടി ഒരു കോടി മുതല്‍ മുടക്കി പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഫടികം റീ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ താനെന്നും 25 വര്‍ഷത്തിനിപ്പുറം ആടുതോമയ്ക്ക് എന്തുസംഭവിച്ചു എന്ന് പുതിയ പതിപ്പില്‍ പറയുമെന്നും ഭദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Badran About Actor Mohanlal and Spadikam

We use cookies to give you the best possible experience. Learn more