Advertisement
Entertainment news
പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ ചിത്ര ഞെട്ടി; ഇതുവരെ സ്‌റ്റേജുകളില്‍ അവര്‍ ഈ പാട്ട് പാടാത്തതിന് കാരണമുണ്ട്: ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 17, 07:52 am
Tuesday, 17th January 2023, 1:22 pm

ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തില്‍ സില്‍ക്ക് സ്മിതയും ഉര്‍വശിയും അഭിനയിച്ച രണ്ട് പാട്ടുകളും പാടിയത് ചിത്രയാണ്. ഇതുവരെ ഒരു സ്റ്റേജില്‍ പോലും ചിത്ര ഈ പാട്ടുകള്‍ പാടിയിട്ടില്ലെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു.

മാദക സ്വഭാവത്തില്‍ വേണം ഈ പാട്ട് പാടിക്കാന്‍ എന്ന് മ്യൂസിക് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ അതിന് ചിത്രയെ തെരഞ്ഞെടുത്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. റെക്കോഡിങ്ങ് കഴിഞ്ഞ് തിയേറ്ററില്‍ കണ്ടതിന് ശേഷം ഇന്നുവരെ ചിത്ര ഈ പാട്ടുകള്‍ ഒരു സ്റ്റേജിലും പാടിയിട്ടില്ലെന്നും അതിന്റെ കാരണം അവരോട് ചോദിച്ചിട്ടുണ്ടെന്നും ഭദ്രന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സ്മിത പാടുന്ന പാട്ടിന് ഒരു മാദക സ്വഭാവം ഉണ്ടാവണമെന്ന് മ്യൂസിക് ഡയറക്ടര്‍ എന്നോട് പറഞ്ഞു. അങ്ങനെ മാദക സ്വഭാവത്തില്‍ പാടുന്ന ഗായകര്‍ അന്ന് കുറവായിരുന്നു. മലയാളത്തില്‍ അതുപോലെ പാടുന്ന പാട്ടുകാരി ഇല്ലെന്ന് മ്യൂസിക് ഡയറക്ടര്‍ പറഞ്ഞു.

ഭയങ്കര മാദക രീതിയിലുള്ള ലെവലിലേക്ക് ഈ പാട്ടിനെ കൊണ്ട് പോവാന്‍ പാടില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സ്ഫടികത്തില്‍ മണല്‍ വാരുന്ന പെണ്ണ് അഴിഞ്ഞാടി നടക്കുന്ന ഒരു വൃത്തികെട്ട പെണ്ണാണെന്ന് നമ്മള്‍ കഥയില്‍ എവിടെയും കാണിച്ചിട്ടില്ല. എങ്ങും കാണിക്കാത്ത ഒരു പെണ്ണ് പാടുന്നത് പിന്നെന്തിനാണ് മാദകരീതിയില്‍ കാണിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.

കാരണം ഇത് കുടുംബങ്ങള്‍ കാണേണ്ട സിനിമയാണ്. തോമാച്ചായന്റെയും ആ പെണ്ണിന്റെയും സ്‌നേഹം വളരെ സ്പഷ്ടമായിരുന്നു. എവിടെയോ അവര്‍ തമ്മില്‍ ഒരു വൈബ് ഉണ്ടായിരുന്നു. ചിത്ര തന്നെയാണ് ഈ പാട്ടും കള്ളുകുടിച്ചിട്ടുള്ള പാട്ടും പാടിയത്. കള്ളു കുടിച്ചിട്ടുള്ള പാട്ട് ആ ഒരു സ്റ്റൈല്‍ തന്നെ പാടുന്ന പെണ്ണുങ്ങളുണ്ട്. പക്ഷെ അവര്‍ പാടരുത് പകരം ചിത്രയിലൂടെ തന്നെ ഈ പാട്ട് പുറത്ത് വരണം എന്ന് ഞാന്‍ പറഞ്ഞു.

ചിത്ര അത് കേട്ടപ്പോള്‍ ഷോക്കായി. സാര്‍ എനിക്ക് അതുകേട്ടപ്പോള്‍ തന്നെ എന്തോ ആയി എന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ ഞാന്‍ ആ കഥാപാത്രത്തെക്കുറിച്ച് ചിത്രക്ക് പറഞ്ഞു കൊടുത്തു. റെക്കോഡിങ്ങ് കഴിഞ്ഞ് തിയേറ്ററില്‍ കണ്ടതിന് ശേഷം ഇന്നുവരെ അവര്‍ ഒരു സ്‌റ്റേജിലും ആ പാട്ട് പാടിയിട്ടില്ല.

ഇതിന്റെ റീഷൂട്ടിന് എത്തിയപ്പോള്‍ ചിത്ര പറഞ്ഞത് ഇതുവരെ ഞാന്‍ ഇത് മറ്റെവിടെയും പാടിയിട്ടില്ലെന്നാണ്. കാരണം ചോദിച്ചപ്പോള്‍, ആ സമയത്ത് പാടുമ്പോള്‍ എന്റെ മുഖം ഞാന്‍ അതുപോലെ ആക്കേണ്ടി വരില്ലെയെന്ന് എന്നോട് ചോദിച്ചു. പുള്ളിക്കാരി ഭയങ്കര കണ്‍സേണ്‍ ആണ്,” ഭദ്രന്‍ പറഞ്ഞു.

content highlight: director badhran about spadikam movie songs