ഒരു കലാകാരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ, ഒരു തൊഴില്‍ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാന്‍ അനുവദിക്കരുത്; വി.ഡി സതീശന് ബി. ഉണ്ണികൃഷ്ണന്റെ തുറന്ന കത്ത്
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമയുടെ സെറ്റിലേക്ക് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുറന്ന കത്തയച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍.
സിനിമാ ലൊക്കേഷനുകളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ തുടരാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസിന്റെ ചില പ്രധാന നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നുമായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ കത്തിലൂടെ ആവശ്യപ്പട്ടത്.
കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ്ജ് പ്രതിഷേധത്തിന് പിന്നാലെയായിരുന്നു സിനിമാ ഷൂട്ടിംഗുകള്‍ തടസപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്.
എന്നാല്‍ ഒരു കലാകാരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ, ഒരു കലാരൂപത്തോട്, ഒരു തൊഴില്‍ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാന്‍ കോണ്‍ഗ്രസ് പോലെയൊരു ജനാധിപത്യപ്രസ്ഥാനം അനുവദിക്കരുതെന്നും ചലച്ചിത്രമേഖലയും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളും തമ്മില്‍ ഇതുവരെ പുലര്‍ത്തിപ്പോരുന്ന ഊഷ്മളമായ ബന്ധം തുടര്‍ന്നും അങ്ങിനെ തന്നെ നിലനില്‍ക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണന്‍ കത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ജോജുവുമായി നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ അട്ടിമറിച്ചത് മാര്‍ക്സ്സിസ്റ്റ് പാര്‍ട്ടിയുടെ ഫ്രാക്ഷന്‍ നേതാവായ താനാണ് എന്ന ഒരാരോപണം പ്രധാന പദവികള്‍ വഹിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുകയുണ്ടായെന്നും ഇത് തീര്‍ത്തും അസത്യമാണെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഞാന്‍ ഒരു ഫ്രാക്ഷനിലും പ്രവര്‍ത്തിക്കുന്നില്ല. വ്യക്തിപരമായി എന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പം യോജിച്ചും വിയോജിച്ചും സഞ്ചരിക്കുന്ന ഒന്നാണ്. എന്നാല്‍, ചലച്ചിത്ര മേഖലയിലെ 19 ട്രേഡ് യൂണിയനുകളും അവയുടെ ഫെഡറേഷനായ ഫെഫ്കയും കക്ഷിരാഷ്ട്രീയ നിരപേക്ഷമായി, മതനിരപേക്ഷമായി മാത്രം പ്രവര്‍ത്തിക്കുന്നവയാണ്.
കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു കടുവയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കോട്ടയം പൊന്‍കുന്നത്തെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച നടത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജു ജോര്‍ജ്ജുമായിയുണ്ടായ നിര്‍ഭാഗ്യകരമായ ഏറ്റുമുട്ടലിനു തൊട്ടുപിറകെ അങ്ങയെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടതും, അങ്ങ് എന്റെ കോളിനോട് ഏറ്റവും ജനാധിപത്യപരമായും സൗഹാര്‍ദ്ദപൂര്‍വ്വവുമായും പ്രതികരിച്ചതും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
സിനിമയിലെ ഒരു സഹപ്രവര്‍ത്തകന് ഒരു വിഷമസ്ഥിതി ഉണ്ടാവുമ്പോള്‍, അദ്ദേഹത്തിന്റെ അടുത്ത് നേരിട്ട് എത്തി സമാശ്വസിപ്പിക്കുക എന്ന സംഘടനാപ്രവര്‍ത്തന രീതിയാണ് ഞാന്‍ ഈ വിഷയത്തിലും പുലര്‍ത്തിയത്. ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ സമരത്തില്‍ ജോജു ഇടപെട്ടതിന്റെ രാഷ്ട്രീയ ശരി ഒരു തര്‍ക്കവിഷയമായി നിലനില്‍ക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട പ്രതിഷേധത്തെ സഹിഷ്ണുതയോടെ, ജനാധിപത്യപരമായി കാണുന്നതാണ് ഉചിതം എന്ന കാര്യത്തില്‍ അങ്ങേയ്ക്കും സംശയമുണ്ടാവില്ല.
അന്ന്, അങ്ങയോട് ഫോണില്‍ ഞാന്‍ സൂചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. ഒരാളോട് രാഷ്ട്രീയമായി വിയോജിക്കുന്നതും വിമര്‍ശ്ശിക്കുന്നതും, അയാളില്‍ ‘മദ്യപന്‍,’ ‘ ലഹരിക്കടിപ്പെട്ടവന്‍,’ ‘പെണ്ണുപിടിയന്‍,’ തുടങ്ങിയ മധ്യവര്‍ഗ്ഗ പൊതുബോധത്തിന് പഥ്യമായ ”വെറുക്കപ്പെടേണ്ടവന്റെ” ശീലഗുണങ്ങള്‍ യാതൊരു അടിസ്ഥാനവുമായി ചാര്‍ത്തിക്കൊടുത്തുകൊണ്ടല്ല. ജോജു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകനെ അങ്ങിനെ പൊതുസമൂഹത്തിനു മുമ്പില്‍ അപമാനിച്ചതില്‍ മാത്രമാണ് ഞങ്ങളുടെ പ്രതിഷേധവും ഉത്ക്കണ്ഠയും.
ഈ സംഭവത്തിനു ശേഷം, കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ജോജുവുമായി നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ അട്ടിമറിച്ചത് മാര്‍ക്സ്സിസ്റ്റ് പാര്‍ട്ടിയുടെ ഫ്രാക്ഷന്‍ നേതാവായ ഞാനാണ് എന്ന ഒരാരോപണം പ്രധാന പദവികള്‍ വഹിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുകയുണ്ടായി. ഇത് തീര്‍ത്തും അസത്യമാണ്.
ഞാന്‍ ഒരു ഫ്രാക്ഷനിലും പ്രവര്‍ത്തിക്കുന്നില്ല. വ്യക്തിപരമായി എന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പം യോജിച്ചും വിയോജിച്ചും സഞ്ചരിക്കുന്ന ഒന്നാണ്. എന്നാല്‍, ചലച്ചിത്ര മേഖലയിലെ 19 ട്രേഡ് യൂണിയനുകളും അവയുടെ ഫെഡറേഷനായ ഫെഫ്കയും കക്ഷിരാഷ്ട്രീയ നിരപേക്ഷമായി, മതനിരപേക്ഷമായി മാത്രം പ്രവര്‍ത്തിക്കുന്നവയാണ്.
ഫെഫ്കയിലും അനുബന്ധ യൂണിയനുകളിലും പ്രവര്‍ത്തിക്കുന്നവരില്‍ എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉള്‍പ്പെട്ടവരുണ്ട്. ഒരു വിഷയത്തേയും കക്ഷിരാഷ്ട്രീയത്തിന്റെ കറുപ്പ്/ വെളുപ്പുകളിലേക്ക് ഞങ്ങള്‍ ചുരുക്കാറില്ല. ഞങ്ങളുടെ സംഘടനാംഗമല്ലെങ്കില്‍ പോലും ജോജുവിന്റെ വിഷയത്തില്‍ ഞാന്‍ ഇടപ്പെട്ടത്, ഒരു പ്രതിസന്ധിയില്‍ ഒരു സിനിമാപ്രവര്‍ത്തകനും ഒറ്റപ്പെട്ട് പോകരുത് എന്ന ഫെഫ്കയുടെ പൊതുനിലപാടിനാലാണ്.
ആ സംഭവത്തിനു ശേഷം ജോജുവുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തി എന്ന് പറയപ്പെടുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളിലൊന്നും ഞാന്‍ ഏതെങ്കിലും വിധത്തില്‍ ഭാഗമായിട്ടില്ല. ഈ പ്രശ്‌നം ഒത്തുതീര്‍ക്കണോ വേണ്ടയോ എന്നത് ജോജുവിന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണ്. അദ്ദേഹം അതില്‍ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആത്മാഭിമാനത്തെ മാനിക്കുന്ന ഒരു ഒത്തുതീര്‍പ്പാവുമല്ലോ, തീര്‍ച്ചയായും, കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്.
ഇപ്പോള്‍, അങ്ങേയ്ക്ക് ഈ കത്തെഴുതാന്‍ കാരണമായത്, മുണ്ടക്കയത്ത് ശ്രീ.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമാ സെറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണ്. തൊട്ട് പിറകെ വാര്‍ത്താമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ ചില പ്രധാന നേതാക്കള്‍, സിനിമാ ലൊക്കേഷനുകളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ തുടരാനുള്ള അവരുടെ തീരുമാനം അറിയിക്കയുണ്ടായി.
അങ്ങ് ഈ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു കലാകാരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ, ഒരു കലാരൂപത്തോട്, ഒരു തൊഴില്‍ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാന്‍ കോണ്‍ഗ്രസ് പോലെയൊരു ജനാധിപത്യപ്രസ്ഥാനം അനുവദിക്കരുത്. ചലച്ചിത്രമേഖലയും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളും തമ്മില്‍ ഇതുവരെ പുലര്‍ത്തിപ്പോരുന്ന ഊഷ്മളമായ ബന്ധം തുടര്‍ന്നും അങ്ങിനെ തന്നെ നിലനില്‍ക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.