| Wednesday, 30th March 2022, 6:37 pm

ആറാട്ട് ഒരു സൈബര്‍ ബുദ്ധിജീവി എങ്ങനെയായിരിക്കും കാണുക; അത് അവരുടെ മാത്രം പ്രശ്‌നമാണ്: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മുന്നില്‍ സാധ്യമായൊരു വഴി കോളേജ് അധ്യാപകനാവുക എന്നതായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. അധ്യാപകനാവാന്‍ സാധിക്കാതായതോടെയാണ് താന്‍ തിരക്കഥകളെഴുതി തുടങ്ങിയതെന്നും മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തന്റെ സിനിമകളെ കുറിച്ചും ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നുണ്ട്.

‘എന്റെ മുന്നില്‍ സാധ്യമായൊരു വഴി കോളേജ് അധ്യാപകനാവുക എന്നതായിരുന്നു. ഞാനതിന് ശ്രമിച്ചപ്പോഴെല്ലാം നിയമന സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയിലെഴുതാം എന്നുകരുതുന്നത്, ആദ്യ സിനിമയായ ജലമര്‍മരമാണ്. അധ്യാപകനാവാന്‍ പറ്റാത്തതില്‍ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല.

പോപ്പുലര്‍ ആര്‍ട്ട് ഫോംസിനെ നമ്മള്‍ കാര്യമായിട്ട് പഠിക്കണം. മലയാളത്തില്‍ നാഴികക്കല്ലുകളായിട്ടുള്ള സിനിമകളുണ്ടെന്ന് നമുക്കറിയാം. സ്വയംവരം, എലിപ്പത്തായം തുടങ്ങിയ സിനിമകള്‍, അതോടൊപ്പം തന്നെ ആഴത്തില്‍ പഠിക്കപ്പെടേണ്ട സിനിമകളാണ് മണിച്ചിത്രത്താഴും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ.

ഇത്തരം സിനിമകളെ എവിടെയൊക്കെ ഇപ്പോള്‍ ക്ലാസിക്കുകളായി അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു പുച്ഛമുണ്ട്. ആറാട്ട് എന്ന സിനിമ ഒരു സൈബര്‍ ബുദ്ധിജീവി എങ്ങനെയായിരിക്കും കാണുന്നത് എന്ന് ആലോചിച്ച് നോക്കുക. അത് ആ ബുദ്ധിജീവിയുടെ മാത്രം പ്രശ്‌നമാണ്, അതിനോടാണ് എനിക്ക് റെസ്‌പോണ്ട് ചെയ്യേണ്ടത്. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്നയാളാണ് ഞാന്‍. അതുകൊണ്ട് നമുക്കിത് രണ്ടും കണ്ടാല്‍ മനസിലാക്കാന്‍ പറ്റും,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ടാണ് ഒടുവില്‍ റിലീസ് ചെയ്ത ബി. ഉണ്ണികൃഷ്ണന്റെ സിനിമ. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, രാമചന്ദ്ര രാജു, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിവര്‍ അഭിനയിച്ച് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എ.ആര്‍. റഹ്മാനും എത്തിയിരുന്നു.

Content Highlights: Director B Unnikrishnan says about Aarattu movie

We use cookies to give you the best possible experience. Learn more