മോഹന്‍ലാലിന്റെ നേര് വിജയിച്ചതിന് ഒരൊറ്റ കാരണമേയുള്ളൂ: ബി. ഉണ്ണികൃഷ്ണന്‍
Movie Day
മോഹന്‍ലാലിന്റെ നേര് വിജയിച്ചതിന് ഒരൊറ്റ കാരണമേയുള്ളൂ: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th March 2024, 12:37 pm

മോഹന്‍ലാലിന്റെ സിനിമകളെ കുറിച്ചും കരിയറിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ ഇരുപതാമത്തേയും മുപ്പതാമത്തേയും വയസുകളില്‍ ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും ഇനി അത്തരത്തിലുള്ള മാജിക്കുകള്‍ ആവര്‍ത്തിക്കുക ബുദ്ധിമുട്ടുണ്ടാണെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നേര് എന്ന മോഹന്‍ലാലിന്റെ സിനിമ വിജയമാകാന്‍ ചില കാരണങ്ങളുണ്ടെന്നും ദി മലബാര്‍ ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നുണ്ട്.

‘ചില സിനിമകള്‍ പരാജയപ്പെടുന്നതിന്റെ കാരണം താരങ്ങള്‍ ആയിരിക്കില്ല. അവരെ പ്ലേസ് ചെയ്യുന്നതിന്റെ പ്രശ്‌നമാകാം. മോഹന്‍ലാല്‍ അത്തരം സിനിമകളില്‍ വന്ന് പരാജയപ്പെട്ടു നില്‍ക്കുന്നു എന്ന് പറയുമ്പോഴാണ് പൃഥ്വിരാജ് വന്നിട്ട് കുറച്ചുകൂടി അതേ സിനാരിയോയില്‍ കുറച്ചുകൂടി സര്‍ട്ടിലായി ലൂസിഫര്‍ എന്ന പടം ചെയ്ത് അത് ഹിറ്റാക്കുന്നത്.

ഏറ്റവും ഗിഫ്റ്റഡായിട്ടുള്ള നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. അവര്‍ക്ക് പരാജിതരായോ വിജയത്തിന് വേണ്ടി ഉഴലുന്ന ആള്‍ക്കാരായിട്ടോ എല്ലാം അഭിനയിക്കാന്‍ ഒരു പ്രയാസവുമില്ല.

ഏത് തരത്തിലുള്ള കഥാപാത്രത്തിലേക്കും അവര്‍ക്ക് മാറാനായിട്ട് വലിയ സമയമൊന്നും വേണ്ട. അവരെ സംബന്ധിച്ച് അതൊന്നും വലിയ കാര്യമല്ല. അവരെ നമ്മള്‍ ചലഞ്ച് ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.

മോഹന്‍ലാലിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ 20കളിലും 30 കളുമായപ്പോഴേക്ക് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. സദയം പോലുള്ള സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് എത്ര വയസാണ്? അദ്ദേഹത്തെ സൂപ്പര്‍താരമാക്കിയ രാജാവിന്റെ മകന്‍ ചെയ്യുമ്പോള്‍ 26 വയസാണ്. അത്തരത്തിലൊരു മാജിക് മലയാള സിനിമയില്‍ ഇനി ആവര്‍ത്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ ഇതൊക്കെ ആളുകളുടെ അഭിരുചിയുടെ കൂടി പ്രശ്‌നമാണ്. നേര് എന്ന് പറയുന്ന സിനിമ ഇത്രയധികം വലിയ വിജയമാകാനുള്ള ഒരു പ്രധാന കാരണമുണ്ട്. പരാജിതരായി നില്‍ക്കുന്നവരുടെ കഥയാണ്. ഡിഫീറ്റഡ് ആയിട്ടുള്ള ആളുകള്‍ വിജയത്തിലേക്ക് വരിക എന്നത് സിനിമയില്‍ എപ്പോഴും ഗംഭീരമായി വര്‍ക്ക് ചെയ്യുന്ന സംഗതിയാണ്.

നേര് മഹത്തായ സിനിമയല്ല എന്ന് പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. കാരണം എളുപ്പമല്ല അങ്ങനെയൊരു സിനിമ എടുക്കുക എന്നത്. ജീത്തു ജോസഫ് എന്ന് പറയുന്ന എന്റെ സഹപ്രവര്‍ത്തകന്‍, അയാളെ ഞാന്‍ റേറ്റ് ചെയ്യുന്നത് ഭയങ്കര ഇന്റലിജന്റ് ആയിട്ടുള്ള ഫിലം മേക്കറും തിരക്കഥാകൃത്തുമായിട്ടാണ്.

എവിടെ ആളുകള്‍ക്ക് ഹൈപ്പ് കൊടുക്കാം, ഏത് പോയിന്റില്‍ അതിനെ ഹൂക്ക് ചെയ്യാം എന്നുള്ള ഒരു നരേറ്റിങ്ങില്‍ അയാളെ പോലെ ഫിറ്റ് ചെയ്യാന്‍ കഴിവുള്ളവര്‍ ഇന്ന് മലയാള സിനിമയിലില്ല. അത് ഭയങ്കര മിടുക്കാണ്, ക്രാഫ്റ്റാണ്. ഇത്രയേയുള്ളോ എന്നൊക്കെ നമുക്ക് തോന്നാം. അങ്ങനെ തോന്നുമ്പോള്‍ പോലും നമ്മള്‍ അതിന്റെ മിടുക്കിനെ കുറച്ച് കാണരുത്. അതേസമയം ഒരു മാസ് പടം എടുക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള സംഗതിയുമാണ്.

പിന്നെ സിനിമ തെരഞ്ഞെടുക്കുന്നതില്‍ ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിലേക്ക് വരുന്ന കാര്യങ്ങള്‍ ഉണ്ട്. അവരെ ഒരുപാട് കാര്യങ്ങള്‍ സ്വാധീനിക്കും. അവര്‍ മുന്‍പ് ചെയ്ത് സിനിമകള്‍, അപ്പോള്‍ ചെയ്യുന്ന സിനിമകള്‍, മുന്‍ വിജയങ്ങള്‍ ഇതൊക്ക സ്വാധീനിക്കും.

അതുപോലെ അവരുടെ മുന്‍പില്‍ നമ്മള്‍ അവതരിപ്പിക്കുന്ന രീതി സ്വാധീനിക്കും. പറയുന്ന ആളോടുള്ള ഒരു വിശ്വാസം അതും വളരെ പ്രധാനപ്പെട്ട ഘടകമാണ്.

അവര്‍ തെരഞ്ഞെടുക്കുന്ന കഥകള്‍ ചിലപ്പോള്‍ ശരിയാകും, ചിലപ്പോള്‍ കൈയില്‍ നിന്ന് പോകാം. ഇത് മോഹന്‍ലാലിനോ അല്ലെങ്കില്‍ മമ്മൂട്ടിക്കോ മാത്രം പറ്റുന്ന സംഗതിയല്ല. ഏത് ഭാഷയിലും ഇത് തന്നെയല്ലേ താരങ്ങളുടെ അവസ്ഥ,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: Director B Unnikrishnan about the reason behind Neru Movie success