മോഹന്‍ലാല്‍ മമ്മൂട്ടി-ദ്വന്ദം പോലെ ഒന്ന് ഇനി മലയാളത്തില്‍ ആവര്‍ത്തിക്കപ്പെടുമോ ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ബൃഹത്താഖ്യാനങ്ങള്‍ എല്ലാം അവസാനിച്ചുവെന്ന് നമ്മള്‍ പറയാറുണ്ടല്ലോ എന്നും അതുപോലെയായിരിക്കാം ഇതെന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ മറുപടി. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരേസമയം താരവും വലിയ നടന്മാരും ആയിരിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. എനിക്ക് തോന്നുന്നത് ഇനി അങ്ങനെ സംഭവിക്കില്ല എന്നാണ്. നമുക്ക് പ്രവിചിക്കാന്‍ ആവില്ലെങ്കില്‍പോലും അത് അങ്ങനെയാണ്. പല ഫാക്ടറുകള്‍ ഇതിന് പിറകില്‍ ഉണ്ട്. ഗംഭീര സിനിമകള്‍ ചെയ്ത് നടനെന്ന നിലയിലും താരമെന്ന നിലയിലും അവര്‍ സ്വയം നിര്‍മിച്ച കാലഘട്ടത്തിലല്ല ഇന്ന് നമ്മള്‍. അക്കാലത്ത് മൂന്നും നാലും സിനിമകള്‍ അവര്‍ ഒരേ സമയം ചെയ്തിട്ടുണ്ട്.
അത്ര പ്രൊഡക്ടീവ് ആയിരുന്നു ആ കാലം. ഒരു ദിവസം നാല് സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ. പിന്നെ അന്ന് ഈ പറയുന്ന പോലെയുള്ള നിശിതമായ ഒരു പടയൊരുക്കമല്ല ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത്. സിനിമ റിലീസ് ചെയ്യുക എന്ന് പറയുന്നത് ഒരു യുദ്ധവുമല്ല.
അന്ന് ഒരു സുഹൃത്തോ നിര്‍മാതാവോ വിളിച്ചാല്‍ അഭിനയിക്കാന്‍ അങ്ങ് പോകുകയാണ്. തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും എന്നോട് പറഞ്ഞ ഒരു കഥയുണ്ട്. ഒരു ഹോട്ടലിന്റെ ലോബിയില്‍ അവരൊരു വിഷമഘട്ടത്തില്‍ ഇരിക്കുമ്പോള്‍ വെറുതെ അത് വഴി നടന്നുപോയ ആളാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിനോട് ഇവര്‍ ഒരു പടം ചെയ്തു തരാമോ എന്ന് ചോദിച്ചപ്പോള്‍ എത്ര ദിവസം വേണമെന്നാണ് തിരിച്ചുചോദിച്ചത്. 25 ദിവസം മതിയെന്ന് പറഞ്ഞപ്പോള്‍ രണ്ടായി തന്നാല്‍ മതിയോ എന്ന് ചോദിച്ചു. ആ സിനിമയാണ് രാജാവിന്റെ മകന്‍. അത് ഒരിക്കലും അവര്‍ സ്‌ക്രിപ്റ്റ് വായിച്ചൊന്നും ചെയ്ത ഒരു സംഗതിയല്ല.
ആ കാലഘട്ടത്തില്‍ അത്ര ബ്രില്യന്റ് ആയിട്ടുള്ള ഒരുപാട് സിനിമകള്‍ ബാക്ക് ടു ബാക്ക് ഉണ്ടായി. അങ്ങനെ പരുവപ്പെട്ട് പരുവപ്പെട്ട് വന്നവരാണ് അവര്‍.
തമിഴിലാണെങ്കില്‍ രജനികാന്തും കമല്‍ ഹാസനും ഉണ്ട്. വിജയ് ഏറ്റവുമധികം മാര്‍ക്കറ്റുള്ള ആളാണ്. പക്ഷേ ഈ ഐക്കണ്‍സിന്റെ ഒപ്പം നമുക്ക് പറയാന്‍ പറ്റുമോ എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്ര വലുതാണ് അവര്‍ ഉണ്ടാക്കിയ ഓറ. അത്ര നല്ല പടങ്ങളാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്.
അത്തരത്തിലുള്ള സിനിമകള്‍ ഇന്ന് ചെയ്യണമെങ്കില്‍ അത്രയും വൈവിധ്യമുള്ള സിനിമകള്‍ ഉണ്ടാകണം, ഒരേ വര്‍ഷം അത്തരത്തില്‍ ചെയ്യാന്‍ കഴിയണം.
രാജാവിന്റെ മകന്‍ കഴിഞ്ഞ് തുടരെ വന്ന മോഹന്‍ലാലിന്റെ സിനിമകള്‍ നോക്കൂ, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, 20ാം നൂറ്റാണ്ട്, സന്മനസുള്ളവര്‍ക്ക് സമാധാനം, എന്ത് വ്യത്യസ്തമാര്‍ന്ന സിനിമകളാണ് ഒന്നോ രണ്ടോ വര്‍ഷത്തെ കാലയളവിനുള്ളില്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഇനിയുണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ബൃഹത്താഖ്യാനങ്ങള്‍ അവസാനിച്ചുവെന്ന് കരുതേണ്ടി വരും,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Director B Unnikrishnan about Mohanlal Superhit Film and Script