| Wednesday, 19th April 2023, 7:30 pm

ഒരു ഡമ്മി ഇട്ട് മറിക്കാം, ആ ഡമ്മിയില്‍ വെട്ടട്ടെ; മണിച്ചിത്രത്താഴിലെ ക്ലൈമാക്‌സ് ആശയം കൊടുത്തത് സുരേഷ് ഗോപി: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിച്ചിത്രത്താഴ് സിനിമയുടെ ക്ലൈമാക്‌സ സീനിനുള്ള നിര്‍ദേശം സംവിധായകന്‍ ഫാസിലിന് നല്‍കിയത് സുരേഷ് ഗോപിയാണെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഇക്കാര്യം ഫാസില്‍ തന്നെയാണ് തങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും ക്ലൈമാക്‌സിനെക്കുറിച്ച് വലിയ ആശയകുഴപ്പം ഉണ്ടായിരുന്നെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ശോഭന അവതരിപ്പിച്ച ഗംഗ ശങ്കരന്‍ തമ്പി എന്ന തന്റെ ശത്രുവിനെ വെട്ടിക്കൊല്ലുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്. ശങ്കരന്‍ തമ്പിയുടെ ഡമ്മിയിലാണ് ഗംഗ വെട്ടുന്നത്. ഈ ആശയം ഫാസിലിനോട് പങ്കുവച്ചത് സുരേഷ് ഗോപിയാണെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

സിനിമയുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമെ അഭിനയിക്കൂ എന്ന ചില നടി-നടന്മാരുടെ തീരുമാനത്തിനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ഫാസില്‍ സാര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ ഏറ്റവും ഗംഭീരമായ ഒരു സജക്ഷന്‍ കൊടുത്തത് സുരേഷ് ഗോപി ആയിരുന്നു.

ക്ലൈമാക്‌സ് എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ സുരേഷ് ഗോപിയാണ് പറഞ്ഞത് ഒരു ഡമ്മി ഇട്ട് മറിക്കാമെന്ന്. നാഗവല്ലി ആവേശിക്കുന്ന ഗംഗയുടെ കഥാപാത്രം ആ ഡമ്മിയില്‍ വെട്ടട്ടെ എന്ന് സുരേഷ് പറഞ്ഞു. ആ നിര്‍ദേശം സ്വീകരിച്ച ആളാണ് ഫാസിലിനെപ്പോലെയുള്ള സംവിധായകന്‍.

ഇപ്പോഴും അതിനെല്ലാം നമ്മള്‍ ഓപണ്‍ ആണ്. പക്ഷേ ഇവിടെ ഒരു എഡിറ്റ് ആരാണ് തീരുമാനിക്കുന്നത് എന്ന വലിയ സര്‍ഗാത്മകതയുടെ ഒരു വിഷയമായാണ് ഞങ്ങള്‍ കാണുന്നത്.

അത് തീര്‍ച്ഛയായും ഞങ്ങളുടെ അവകാശമാണ്. അത് മറ്റാരെയെങ്കിലും കാണിക്കുമെങ്കില്‍ അത് ചിത്രത്തിന്റെ നിര്‍മാതാവിനെ മാത്രമായിരിക്കുമെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ ഞങ്ങള്‍ വ്യക്തമാക്കുന്നു”, ഫാസില്‍ പറഞ്ഞു.

content highlight: director b. unnikrishnan about manichithrathaz movie

We use cookies to give you the best possible experience. Learn more