| Tuesday, 21st March 2023, 11:38 am

കൊലപാതകം അന്വേഷിക്കാന്‍ മോഹന്‍ലാല്‍ വരുന്ന സിനിമയാണെന്ന് മമ്മൂട്ടി പറഞ്ഞു; എന്റെ അവസ്ഥ കണ്ടിട്ടായിരിക്കാം അങ്ങനെ പറഞ്ഞത്: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് താന്‍ കരിയറിന്റെ തുടക്കത്തില്‍ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍.

സിനിമയുടെ കഥ മോഹന്‍ലാലിനോട് പറയുന്നതിന് മുമ്പ് മമ്മൂട്ടിയോടാണ് പറഞ്ഞതെന്നും പക്ഷേ കഥയില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമല്ലാത്തതിനാല്‍ മമ്മൂട്ടി സിനിമയില്‍ നിന്നും പിന്മാറിയതാണെന്നും അദ്ദേഹം പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ത്രില്ലറുകളുടെയും ഡിറ്റക്ടറുകളുടെയും വലിയ ഫാന്‍ ആണ് ഞാന്‍. ക്രൈം ഫിക്ഷന്‍ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ജലമര്‍മരത്തിനു മുന്നേ ഞാന്‍ ഒരു സ്‌ക്രീന്‍ പ്ലേ എഴുതിയിരുന്നു. പക്ഷേ അതൊരിക്കലും സിനിമ ചെയ്യാന്‍ പറ്റിയില്ല.

സുരേഷ് ഗോപി ആയിരുന്നു നായകന്‍. പിന്നെ അത് കഴിഞ്ഞു മോഹന്‍ലാലിനെ ആക്കാമെന്ന് തീരുമാനിച്ചു. പക്ഷേ ഞാന്‍ ഒരിക്കലും അദ്ദേഹത്തോട് കഥ പറഞ്ഞിട്ടില്ല. മോഹന്‍ലാലിനോട് പറയാതെ ബാക്കി പലരോടും കഥ പറഞ്ഞു.

ആ സിനിമയില്‍ കൊല്ലപ്പെടുന്ന ഒരാളുണ്ട്. അയാള്‍ ഒരു പെയിന്ററാണ്. ആ കൊലപാതകം 10,20 വര്‍ഷം കഴിഞ്ഞ് അന്വേഷിക്കുന്നതാണ് ആ സിനിമ. ഒരു നോവലിലുള്ള കഥ ഞാന്‍ സിനിമയാക്കിയതാണ്. എഴുതി കഴിഞ്ഞപ്പോള്‍ ആ കൊല്ലപ്പെടുന്ന ആളിന്റെ ജീവിതം വലിയ രീതിയില്‍ ആ സിനിമയില്‍ കാണിക്കുന്നുണ്ട്.

അപ്പോഴാണ് സിബി മലയില്‍ ആ വേഷം ചെയ്യാന്‍ മമ്മൂട്ടിയെ വിളിച്ചൂടെയെന്ന് എന്ന് എന്നോട് ചോദിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും സിനിമയിലെ രണ്ട് വലിയ താരങ്ങളാണെന്ന് മാത്രമേ അന്ന് എനിക്കറിയൂ. സിനിമയിലെ മറ്റ് കാര്യങ്ങള്‍ അറിയില്ല.

ഞാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് കഥ പറഞ്ഞു. ഇതെല്ലാം പറഞ്ഞപ്പോള്‍ ഇതിന് മുമ്പ് എന്താണ് ചെയ്തിരുന്നതെന്ന് മമ്മൂട്ടി ചോദിച്ചു. എഴുതുമെന്ന് ഞാന്‍ പറഞ്ഞു. ‘എന്റെ കൊലപാതകം അന്വേഷിക്കാന്‍ മോഹന്‍ലാല്‍ വരുന്ന സിനിമയാണ്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല ഞാന്‍ വേറെ ഒരുപാട് സിനിമയില്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഈ സിനിമയില്‍ ഞങ്ങള്‍ക്ക് തുല്യപ്രാധാന്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ’യെന്ന് അദ്ദേഹം ചോദിച്ചു.

ആദ്യമായിട്ട് എഴുതുന്ന ഒരാളെ തളര്‍ത്താനൊന്നും അദ്ദേഹം ശ്രമിച്ചിട്ടില്ല. വളരെ വ്യക്തമായി ഈ കാര്യം പറഞ്ഞു തന്നു. ചിലപ്പോള്‍ എന്റെ അവസ്ഥ കണ്ടിട്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത് നന്നായി എഴുതിയ സിനിമയാണ്. പക്ഷേ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞു. എനിക്ക് മനസ്സിലായി എന്ന് പറഞ്ഞു ഞാന്‍ അവിടന്ന് ഇറങ്ങി,” ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

content highlight: director b unnikrishnan about mammootty

We use cookies to give you the best possible experience. Learn more