സിനിമയുടെ സൃഷ്ടാവ് സംവിധായകനാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. സിനിമയുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമെ അഭിനയിക്കൂ എന്ന ചില നടി-നടന്മാരുടെ തീരുമാനത്തിനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങിയ നടന്മാരുടെ കൂടെയും ശോഭന, ഉര്‍വശി തുടങ്ങിയ നടിമാരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവരാണ് ഫെഫ്കയിലെ അംഗങ്ങളെന്നും സിനിമയുടെ സൃഷ്ടാവ് എന്ന് പറയുന്നത് അതിന്റെ സംവിധായകനാണ് എന്ന് തങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാന്‍ ഒരു നടന്‍ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്.
പണം മുടക്കിയ നിര്‍മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാല്‍ സര്‍ഗാത്മകമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കും.
ഫെഫ്ക പത്തൊന്‍പത് ട്രേഡ് യൂണിയനുകള്‍ ചേര്‍ന്നതാണ്. എത്രയോ വര്‍ഷം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഞങ്ങളുടെ കൂടെയുണ്ട്. നാല്‍പ്പതും നാല്‍പ്പത്തിയഞ്ചും വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഞങ്ങള്‍ക്കിടയിലുണ്ട്.
ഞങ്ങള്‍ മഹാരഥന്മാരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞങ്ങള്‍ മമ്മൂട്ടിയുടെയും ലാല്‍ സാറിന്റെ കൂടെയും പൃഥ്വിരാജിന്റെ കൂടെയും സുരേഷ് ഗോപിയുടെ കൂടെയും ഒക്കെ ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്.
അതുപോലെ നടിമാരുടെ പേര് എടുത്ത് പറയാം. ശോഭന മാഡം, ഉര്‍വശി മാഡം തുടങ്ങിയവര്‍ മുതല്‍ ഇങ്ങോട്ട് വരുകയാണെങ്കില്‍ അവരെ പോലെ പുതിയ തലമുറയിലെ കുട്ടികളുമൊക്കെയുണ്ട്. അവരുടെയൊക്കെ കൂടെ ഞങ്ങള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.
ഇതിനെ എങ്ങനെ നിര്‍വചിക്കണമെന്ന് അറിയില്ല. നിങ്ങള്‍ അതുവരെ ഷൂട്ട് ചെയ്തതിന്റെ എഡിറ്റ് ഞങ്ങളെ കാണിക്കൂ, എന്നിട്ട് ബാക്കി അഭിനയിക്കാമെന്നാണ് നടി-നടന്മാര്‍ പറയുന്നത്. എന്നിട്ട് ഞങ്ങള്‍ പടം പൂര്‍ത്തിയാക്കാമെന്ന് പറയുമ്പോള്‍ സിനിമയുടെ സൃഷ്ടാവ് ആരാണ് എന്ന കാതലായ പ്രശ്‌നമാണ് ഇവിടെ ഉയരുന്നത്.
അത് തീര്‍ച്ചയായിട്ടും ഞങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ഒരു സിനിമയുടെ സൃഷ്ടാവ് എന്ന് പറയുന്നത് അതിന്റെ സംവിധായകനാണ് എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു,” ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
content highlight: director b unnikrishnan about actors