| Friday, 29th November 2019, 8:30 pm

ഷെയ്‌നിനെതിരെ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണ; വിലക്കുന്നത് ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഭാഗം, പൊലീസില്‍ പരാതി നല്‍കണമെന്നും ബി.അജിത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിര്‍മാതാക്കളുടെ വിലക്കില്‍ പ്രതികരണവുമായി സംവിധായകനും എഡിറ്ററുമായ ബി.അജിത് കുമാര്‍. ഷെയ്‌നിനെ വിലക്കുന്നത് ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഭാഗമാണെന്നും ആള്‍ക്കൂട്ട വിചാരണയാണ് ഷെയ്‌നിനെതിരെ നടക്കുന്നതെന്നും അജിത് കുമാര്‍ പറഞ്ഞു.

ഷെയ്ന്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അല്ലാതെ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കുകയല്ല വേണ്ടതെന്നും അജിത് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഷെയ്ന്‍ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ ഈട എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് അജിത് കുമാര്‍.

വിലക്കിക്കഴിഞ്ഞാല്‍ ഷെയ്ന്‍ പൊലീസില്‍ പരാതി നല്‍കണമെന്നും അഭിനയം കല മാത്രമല്ല, തൊഴില്‍ കൂടിയാണെന്നും അജിത് കുമാര്‍ പറഞ്ഞു. ഭാവിയില്‍ ഷെയ്‌നിനെ നായകനാക്കി ഒരു സിനിമ ചെയ്യേണ്ടി വന്നാല്‍ ചെയ്യുമെന്നും ഇത്തരം വിലക്കുകളിലൂടെ നല്ല കലാകാരന്മാരെ ഇല്ലാതാക്കുന്നത് മലയാള സിനിമയ്ക്കാണ് ദോഷമെന്നും അജിത് കുമാര്‍ പറഞ്ഞു.

‘അന്നയും റസൂലും, കമ്മട്ടിപ്പാടം, കിസ്മത്ത്, ഈട എന്നീ ചിത്രങ്ങളിലാണ് ഷെയ്‌നിനോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ സിനിമകളിലൊന്നും അയാള്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ല. സമയത്തിന് വരാതിരിക്കുകയോ എന്തെങ്കിലും വിധത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തിട്ടില്ല.’, അജിത് കുമാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇപ്പോള്‍ ഉയരുന്ന പരാതികളുടെ പുറകില്‍ മറ്റെന്തെങ്കിലും താല്‍പ്പര്യമായിരിക്കും. എനിക്ക് ഷെയ്‌നിനെക്കുറിച്ച് യാതൊരു പരാതിയും ഇല്ല. പിന്നെ അവന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഞാന്‍ അയാളെ അങ്ങനെ കണ്ടിട്ടില്ല. കണ്ടിട്ടില്ലെന്ന് മാത്രമല്ല അവന്‍ അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ല.’

‘ആ രീതിയിലുള്ള പെരുമാറ്റം ഷെയ്‌നിന്റെ ഭാഗത്തുനിന്ന് ഇതുവരെ കണ്ടിട്ടില്ല. പിന്നെ അതിനെക്കാള്‍ പ്രശ്‌നം, ഒരു വാര്‍ത്താസമ്മേളനം വിളിച്ചിട്ട് ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയില്‍ സംസാരിക്കുമ്പോള്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്?’, അജിത് കുമാര്‍ ചോദിച്ചു.

അതേസമയം, ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടന എ.എം.എം.എ പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ എ.എം.എം.എ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും സംഘടന കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും ഷെയ്‌നിന്റെ ഉമ്മ സുനിലയും പറഞ്ഞിരുന്നു.

സിനിമാ ലൊക്കേഷനില്‍ ലഹരി മരുന്ന് പരിശോധന വേണമെന്ന നിര്‍മാതാക്കളുടെ ആവശ്യവും എ.എം.എം.എ നേരത്തെ അംഗീകരിച്ചിരുന്നു. നിര്‍മാതാക്കള്‍ പരിശോധന ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ താരങ്ങള്‍ തയ്യാറാവണമെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു.

ലൊക്കേഷനിലെ അധിപന്‍ നിര്‍മാതാവാണെന്നും നിര്‍മാതാവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് പരസ്യമായ രഹസ്യമാണെന്ന് എക്‌സിക്യൂട്ടീവ് അംഗം ബാബുരാജും പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്നു സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു. ആരോപണത്തെ കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more