ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വിവാദ പോസ്റ്റിട്ടതിന് അറസ്റ്റിലായ സംവിധായകന്‍ അവിനാശ് ദാസിന് ജാമ്യം. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 20നായിരുന്നു അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ അറസ്റ്റിലായ പൂജ സിംഗാളിനൊപ്പമുള്ള അമിത്ഷായുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനായിരുന്നു അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാം എന്നായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെ അവിനാശിന്റെ പ്രതികരണം.
‘രാജ്യത്തെ നിയമവ്യവസ്ഥിതിയുടെ കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. പൊലീസ് അവരുടെ ജോലി മാത്രമാണ് ചെയ്തത്. വിഷയം ഏതായാലും കോടതിയില്‍ എത്തി. ഞാനിപ്പോള്‍ അതിനെക്കുറിച്ച് ഒന്നും സംസാരിക്കാനില്ല. കേസിലെ അന്തിമ വിധി വരുന്ന ദിവസം ഞാന്‍ സംസാരിക്കാം,’ അവിനാശ് പറഞ്ഞു.
ചിത്രം പങ്കുവെച്ചതിന് പിന്നില്‍ ദുരുദ്ദേശങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇത്തരമൊരു രാഷ്ട്രീയ കോലാഹലം വിഷയത്തില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ അവിനാശ് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. രാജ്യത്തെ നിയമസംവിധാനങ്ങളെ അപകടത്തിലാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരപ്പിക്കരുതെന്നുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് അവിനാശിന് കോടതി ജാമ്യം അനുവദിച്ചരിക്കുന്നത്.
അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥയായ പൂജാ സിംഗാളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കേസിലാണ് ചലച്ചിത്ര സംവിധായകന്‍ അവിനാശ് ദാസിനെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 469ാം വകുപ്പ് പ്രകാരവും രാജ്യസുരക്ഷയെ അപമാനിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് അവിനാശിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐ.ടി വകുപ്പുകളും അവിനാശിനെതിരെ ചുമത്തിയിട്ടുണ്ട്.
അമിത് ഷായുമായി രഹസ്യം പറയുന്ന സിംഗാളിന്റെ ചിത്രമായിരുന്നു അവിനാശ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനെതിരെ കഴിഞ്ഞ ജൂണിലായിരുന്നു അവിനാശിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സിംഗാള്‍ അറസ്റ്റിലാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രമെന്നായിരുന്നു ഫോട്ടോയ്ക്ക് അവിനാശ് തലക്കെട്ട് നല്‍കിയത്. എന്നാല്‍ ചിത്രം യഥാര്‍ത്ഥത്തില്‍ 2017ല്‍ എടുത്തതാണെന്നാണ് റിപ്പോര്‍ട്ട്.
അമിത് ഷായുടെ ചിത്രത്തിന് പുറമെ ദേശീയ പതാക ധരിച്ച് നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും അവിനാശ് അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
അമിത് ഷായുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്താന്‍ മനപ്പൂര്‍വ്വം ചെയ്ത പ്രവര്‍ത്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവിനാശിനെതിരെ കേസെടുത്തതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.
ദേശീയ പതാക ധരിച്ചുനില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവെക്കുന്നത് വഴി രാജ്യത്തിന്റെ അഭിമാനത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയില്‍ അവിനാശ് ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് പിന്നീട് കോടതി തള്ളിയിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമം നടത്തിയെന്നും അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രം പകര്‍ത്തിയതെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹരജി തള്ളിയത്.
ദേശീയ പതാക ചുറ്റി നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവെച്ചതിന് പിന്നില്‍ വ്യക്തമാകുന്നത് അവിനാശ് ദാസിന്റെ മാനസിക വൈകൃതവുമാണെന്നായിരുന്നു കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞത്.
രാജ്യ അഭിമാനത്തെ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ തടയുന്ന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതിയും പില്‍ക്കാലത്ത് അവിനാശിനെതിരായ ജാമ്യം റദ്ദാക്കിയിരുന്നു.
ജൂണിലായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇവരുടെ വസതിയിലും മറ്റ് പ്രദേശങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡില്‍ നിന്നും 19 കോടി രൂപ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സ്വര ഭാസ്‌കര്‍, സഞ്ജയ് മിശ്ര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവിനാശ് ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 2017ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലി ഓഫ് ആറാഹ്. 2021ല്‍ പുറത്തിറങ്ങിയ രാത്ത് ബാക്കി ഹേയുടെ സംവിധാനം നിര്‍വഹിച്ചതും അവിനാശ് ദാസ് ആയിരുന്നു. ‘ഷി’ എന്ന നെറ്റ്ഫ്ളിക്സ് സീരീസും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Content Highlight: director avinash das granted bail