| Thursday, 16th November 2023, 8:14 am

വിജയ് സാര്‍ അച്ഛനെ പോലെ, അദ്ദേഹം ചിന്തിക്കുന്നതെന്താണെന്ന് എനിക്ക് അറിയാനാവും: അറ്റ്‌ലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌യുമായുള്ള അടുപ്പത്തെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ അറ്റ്‌ലി. ഒരു സിനിമക്ക് വേണ്ടി അടുത്തവരല്ല തങ്ങളെന്നും അതിനുമപ്പുറത്തുള്ള ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും അറ്റ്‌ലി പറഞ്ഞു. വിജയ് തനിക്ക് അച്ഛനെ പോലെയാണെന്നും കുടുംബം കഴിഞ്ഞാല്‍ തന്റെ കരിയറിനെ പറ്റി ചിന്തിക്കുന്ന വ്യക്തി അദ്ദേഹമാണെന്നും ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അറ്റ്‌ലി പറഞ്ഞു.

‘വിജയ് സാറിനെ ഞാന്‍ അണ്ണന്‍ എന്നാണ് വിളിക്കുന്നത്. പക്ഷേ അദ്ദേഹം എനിക്ക് അച്ഛനെ പോലെയാണ്. മാതാപിതാക്കളും പ്രിയയും കഴിഞ്ഞാല്‍ എന്റെ കരിയറിനെ പറ്റി ഏറ്റവുമധികം ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇത് ഞാന്‍ ഒരു ഷോയ്ക്ക് വേണ്ടി പറയുന്നതല്ല. ഞങ്ങള്‍ ഒരു പ്രൊജക്ടിന് വേണ്ടി അടുത്തതല്ല. അദ്ദേഹത്തിന്റെ മനസിലെന്താണെന്ന് എനിക്ക് അറിയാനാവുമെന്നാണ് എന്റെ വിശ്വാസം. എന്നില്‍ അദ്ദേഹത്തിനും വിശ്വാസമുണ്ട്.

തൊഴിലിടത്തിലിരിക്കുന്ന രണ്ട് പേര്‍. അവര്‍ എന്തിന് ഇത്രയും അടുക്കണം? കാരണം അവിടെ ഒരുപാട് പ്രോമിസുകളുണ്ട്. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതില്‍ വര്‍ക്ക് ചെയ്യുന്ന പതിനായിരം കുടുംബങ്ങള്‍ കൂടിയാണ് പരാജയപ്പെടുന്നത്. ഒരു സ്റ്റഡി ക്യാം ഓപ്പറേറ്റര്‍ക്ക് വര്‍ക്ക് ചെയ്ത പടം പരാജയപ്പെട്ടാലും വേറെ നാല് സിനിമകള്‍ കിട്ടും.

എന്നാല്‍ ആ പടം വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് മേല്‍ ഒരു പ്രതീക്ഷയും വിശ്വാസവുമുണ്ടാവും. ഇത് ജവാനില്‍ വര്‍ക്ക് ചെയ്ത സ്റ്റഡിക്യാം ഓപ്പറേറ്ററല്ലേ എന്ന് ആളുകള്‍ പറയും. അത് ഒരു ഐഡിന്റിറ്റിയാണ്. ജൂനിയര്‍ അര്‍ടിസ്റ്റ് മുതല്‍ വലിയ താരത്തിന് വരെ വിജയിച്ച പടം ഒരു പ്രൊഗ്രസ് റിപ്പോര്‍ട്ടാണ്.

ഒരു സിനിമയുടെ വിജയം സംവിധായകന്റേയും നായകന്റേയും മാത്രമല്ല, ആ പടത്തില്‍ വിശ്വസിച്ച, വര്‍ക്ക് ചെയ്ത എല്ലാവരുടെയും വിജയമാണ്. സിനിമ വിജയിക്കുമ്പോള്‍ നമ്മളോടുള്ള ബഹുമാനവും വിശ്വാസവും കൂടും. ആ പ്രോസസില്‍ വിജയ് സാറുമായി കൂടുതല്‍ അടുത്തു. അദ്ദേഹം ഞാനും ഒരു കുടുംബം പോലെയായി,’ അറ്റ്‌ലി പറഞ്ഞു.

Content Highlight: Director Atlee talks about his closeness with Vijay

We use cookies to give you the best possible experience. Learn more