കഴിച്ച ആഹാരത്തെക്കാളധികം അപമാനം സഹിച്ചിട്ടുണ്ട്, സ്‌കൂളില്‍ പഠിക്കുമ്പോള്‍ പറഞ്ഞ ആഗ്രഹം കേട്ട് കൂട്ടുകാര്‍ ചിരിച്ചു: അറ്റ്‌ലി
Film News
കഴിച്ച ആഹാരത്തെക്കാളധികം അപമാനം സഹിച്ചിട്ടുണ്ട്, സ്‌കൂളില്‍ പഠിക്കുമ്പോള്‍ പറഞ്ഞ ആഗ്രഹം കേട്ട് കൂട്ടുകാര്‍ ചിരിച്ചു: അറ്റ്‌ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th November 2023, 8:47 pm

കഴിച്ച ആഹാരത്തെക്കാളധികം അപമാനം താന്‍ സഹിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ അറ്റ്‌ലി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമയിലേക്ക് വരണമെന്ന തന്റെ ആഗ്രഹം കേട്ട് സുഹൃത്തുക്കള്‍ ചിരിച്ചിട്ടുണ്ടെന്ന് അറ്റ്‌ലി പറഞ്ഞു. തന്റെ സ്വപ്‌നങ്ങളെ പറ്റി നടനും സുഹൃത്തുമായ ശിവകാര്‍ത്തികേയനോട് തമാശയായി പറയുമായിരുന്നുവെന്നും അതെല്ലാം താന്‍ സാധിച്ചുവെന്നും അറ്റ്‌ലി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിച്ച ആഹാരത്തെക്കാളധികം അപമാനങ്ങളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ കാര്യമല്ല, സിനിമയിലേക്ക് വരുന്നതിന് മുമ്പ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാര്‍ ചിരിച്ചു. ഇന്ന് അവര്‍ ചോദിക്കുന്നത് അന്നേ നീ അത് എങ്ങനെ ഉറപ്പിച്ചെന്നാണ്.

എന്റെ എല്ലാ ആഗ്രഹങ്ങളും ഞാന്‍ ശിവകാര്‍ത്തികേയനോടാണ് പറഞ്ഞിരുന്നത്. ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്. അന്ന് അത് പറഞ്ഞ് ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അത് സത്യമായി. രാജാ റാണിയുടെ സമയത്ത് അത് കഴിഞ്ഞ് ഞങ്ങള്‍ തമ്മില്‍ ഡേറ്റ് കൊടുക്കുന്നതിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞാല്‍ നീ ഇനി വിജയ് സാറിന്റെ പിറകെ പോകുമോ എന്ന് അവന്‍ അന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.

ഞാന്‍ ആഗ്രഹിച്ചതെല്ലാം നടന്നു. അന്ന് തമാശയായും കളിയാക്കിയുമൊക്കെയാണ് ഇതിനെ പറ്റി സംസാരിച്ചിരുന്നത്. എന്നാല്‍ ഞാന്‍ അന്നും സീരിയസായി തന്നെയാണ് പറഞ്ഞിരുന്നത്. നടന്നാല്‍ കൊള്ളാമെന്നല്ല, നടക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു,’ അറ്റ്‌ലി പറഞ്ഞു.

പങ്കാളിയായ കൃഷ്ണ പ്രിയ നല്‍കിയ പിന്തുണയെ പറ്റിയും അറ്റ്‌ലി സംസാരിച്ചിരുന്നു. ‘ഞാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്തൊക്കെ അവള്‍ എനിക്കൊപ്പം നിന്നു. ഞാന്‍ എന്ന വ്യക്തി ഇങ്ങനെ ആവാന്‍ കാരണം പ്രിയ ആണ്. ധരിക്കുന്ന വസ്ത്രം മുതല്‍, ദേഷ്യപ്പെടാതിരിക്കുന്നത് മുതല്‍, ഒരു മീറ്റിങ്ങില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യണം എന്ന് തീരുമാനിക്കുന്നതില്‍ വരെ അവള്‍ എന്റെ പങ്കാളിയാണ്.

ഒരു ചൊല്ലുണ്ട്, അമ്മയാണ് മകനെ രൂപപ്പെടുത്തുന്നത്, എന്നാല്‍ ഒരു കുടുംബസ്ഥനെ രൂപപ്പെടുത്തുന്നത് ഭാര്യയാണ്. ഞാന്‍ ഒരു കുടുംബസ്ഥനായതിനും ഒരു ടീമിന്റെ നേതാവായതിനും പ്രധാന കാരണം എന്റെ ഭാര്യയാണ്,’ അറ്റ്ലി പറഞ്ഞു.

Content Highlight:Director Atlee said that he has endured more humiliation than the food he ate