Entertainment
ദളപതി റീമേക്ക് ചെയ്യണം, മമ്മൂട്ടി സാര്‍ ചെയ്ത വേഷം വിജയ്‌യും രജിനി സാര്‍ ചെയ്ത വേഷം ആ നടനും ചെയ്യണം: അശ്വത് മാരിമുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 03:20 am
Saturday, 22nd February 2025, 8:50 am

ഷോര്‍ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അശ്വത് മാരിമുത്തു. അശോക് സെല്‍വന്‍, റിതിക സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2020ല്‍ പുറത്തിറക്കിയ ഓ മൈ കടവുളേ എന്ന ചിത്രത്തിലൂടെയാണ് അശ്വത് സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രം വന്‍ വിജയമാവുകയും അശ്വതിനെ ധാരാളം പേര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

തന്റെ സുഹൃത്തും നടനും സംവിധായകനുമായ പ്രദീപ് രംഗനാഥനെ നായകനാക്കിയാണ് അശ്വത് രണ്ടാമത്തെ ചിത്രമായ ഡ്രാഗണ്‍ ഒരുക്കിയത്. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏതെങ്കിലും ക്ലാസിക് ചിത്രം റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഏത് സിനിമ ചെയ്യുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അശ്വത് മാരിമുത്തു.

മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ദളപതി തനിക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അശ്വത് മാരിമുത്തു പറഞ്ഞു. മമ്മൂട്ടി അനശ്വരമാക്കിയ ദേവ എന്ന കഥാപാത്രം വിജയ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും താന്‍ വലിയൊരു വിജയ് ഫാനാണെന്നും അശ്വത് മാരിമുത്തു കൂട്ടിച്ചേര്‍ത്തു. രജിനികാന്ത് ചെയ്ത സൂര്യ എന്ന കഥാപാത്രം സിലമ്പരസന്‍ ചെയ്യണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അശ്വത് പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രാഗണ്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ മഹേഷ് ബാബുവാണ് തന്റെ ആദ്യ ഓപ്ഷനെന്നും അശ്വത് കൂട്ടിച്ചേര്‍ത്തു. ഓ മൈ കടവുളേ ഹിറ്റായ സമയത്ത് ആദ്യം ആശംസ അറിയിച്ച സൂപ്പര്‍സ്റ്റാര്‍ അദ്ദേഹമായിരുന്നെന്നും അശ്വത് പറഞ്ഞു. ഡ്രാഗണ്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അശ്വത് മാരിമുത്തു.

‘ഏതെങ്കിലും ക്ലാസിക് ചിത്രം റീമേക്ക് ചെയ്യുകയാണെങ്കില്‍ ദളപതിയായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക. അതില്‍ ദേവ എന്ന ക്യാരക്ടര്‍, മമ്മൂട്ടി സാര്‍ ചെയ്തത് വിജയ് സാര്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കാരണം, ഞാന്‍ വലിയൊരു വിജയ് ഫാനാണ്. അതുപോലെ രജിനി സാര്‍ ചെയ്ത സൂര്യ എന്ന ക്യാരക്ടര്‍ സിലമ്പരസന്‍ സാര്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ട്.

എന്റെ പുതിയ സിനിമ ഡ്രാഗണ്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ മഹേഷ് ബാബു സാറാണ് എന്റെ ആദ്യ ഓപ്ഷന്‍. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഓ മൈ കടവുളേ റിലീസായ സമയത്ത് എനിക്ക് ആദ്യം വന്ന സെലിബ്രിറ്റി വിഷ് മഹേഷ് ബാബു സാറിന്റേതായിരുന്നു. മൂന്ന് തെലുങ്ക് സിനിമകള്‍ ആ സമയം റിലീസായെങ്കിലും അദ്ദേഹം എന്റെ സിനിമയെ അഭിനന്ദിച്ചത് വലിയ കാര്യമായി തോന്നി,’ അശ്വത് മാരിമുത്തു പറയുന്നു.

Content Highlight: Director Ashwath Marimuthu saying he wish to remake Thalapathi movie with Vijay and Silambarasan TR