| Tuesday, 25th April 2023, 8:06 am

ദളിത് ന്യൂനപക്ഷ സ്വത്വങ്ങള്‍ മറച്ചുപിടിക്കാനാകില്ല; എന്തിനാണ് ആഷിഖ് മലബാര്‍ സിനിമകളെ തള്ളിക്കളഞ്ഞതെന്ന് അറിയില്ല: അഷ്‌റഫ് ഹംസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലബാറില്‍ നിന്നുള്ള സ്വത്വരാഷ്ട്രീയ ചിത്രങ്ങളോട് യോജിപ്പില്ലെന്ന സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് സംവിധായകന്‍ അഷ്‌റഫ് ഹംസ. പലതരം സ്വത്വങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ സുലൈഖ മന്‍സിലിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷനായി ദുബൈയിലെത്തിയ അഷ്‌റഫ് ഹംസ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ദളിത് ന്യൂനപക്ഷ സ്വത്വങ്ങള്‍ മറച്ചുപിടിക്കാനാകുന്ന ഒന്നല്ലെന്ന് അഷ്‌റഫ് ഹംസ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് മലബാര്‍ സിനിമകളെ ആഷിഖ് അബു തള്ളിക്കളഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും വലിയൊരു ദുരന്തത്തോടെ അവസാനിക്കുന്ന സിനിമ കണ്ട് പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ ഇന്ന് ഇഷ്ടപ്പെടുന്നില്ലെന്നും ആഹ്ലാദം നിറക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദത്തോട് തനിക്ക് യോജിക്കാന്‍ പറ്റില്ലെന്ന് കഴിഞ്ഞ ദിവസം ആഷിഖ് പറഞ്ഞിരുന്നു. മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കുമെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് പറഞ്ഞിരുന്നു.

‘കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകള്‍ ഉടലെടുക്കുന്നു. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നത്. പക്ഷേ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണ്. അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കും,’ ആഷിഖ് അബു പറഞ്ഞു.

നീലവെളിച്ചമാണ് പുതുതായി റിലീസ് ചെയ്ത ആഷിഖ് അബുവിന്റെ ചിത്രം. 59 വര്‍ഷം മുമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച നീലവെളിച്ചം എന്ന തിരക്കഥ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: director ashraf hamza against ashiq abu

We use cookies to give you the best possible experience. Learn more