‘നീലവെളിച്ചം’സിനിമയിലെ ഗാനവുമായ ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ആഷിഖ് അബു. ഗാനങ്ങളുടെ പകര്‍പ്പവകാശം കൈവശമുഉള്ളവര്‍ക്ക് പ്രതിഫലം നല്‍കിയാണ് സിനിമയില്‍ ഗാനങ്ങള്‍ ഉപയോഗിച്ചതെന്ന് ആഷിഖ് അബുപ്രസ്താവനയിലൂടെ പറഞ്ഞു.
നീലവെളിച്ചം സിനിമയില്‍ എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംവിധായകന്‍ ആഷിഖ് അബു ഈ വിഷയത്തിലുള്ള തന്റെ വിശദീകരണവുമായി രംഗത്തെത്തിയത്. ‘താമസമെന്തേ വരുവാന്‍’ ‘ഏകാന്തതയുടെ അപാരതീരം’ തുടങ്ങിയ എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ക്ക് കഴിഞ്ഞ മാസം 31ന് വക്കീല്‍ നോട്ടീസയച്ചിരുന്നു. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്‌സ് ഗാനങ്ങള്‍ നശിപ്പിക്കുന്നു എന്നും അതിനാല്‍ ഈ ഗാനങ്ങള്‍ പിന്‍വലിക്കണം എന്നുമാണ് മകന്‍ എം.എസ് ജബ്ബാര്‍ അയച്ച നോട്ടീസില്‍ പറയുന്നത്.
അഭിഭാഷകനായ എന്‍.വി.പി റഫീഖ് മുഖേനയാണ് കുടുംബം ആഷിഖിനെതിരെ നോട്ടീസയച്ചിരിക്കുന്നത്. അതോടൊപ്പം മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.