തന്റെ വീട്ടിലെ ആളായതുകൊണ്ടല്ല റിമയെ നീലവെളിച്ചത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ ആഷിഖ് അബു. വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമയെന്നും തന്റെ കൂടെ താമസിക്കുന്നതിന് മുമ്പ് റിമ ഒരു അഭിനേത്രിയാണെന്നും ആഷിഖ് പറഞ്ഞു.
തന്റെ പാര്‍ട്ണറായതുകൊണ്ടുള്ള എളുപ്പത്തിന്റെ ഭാഗമായല്ല റിമയുടെ കാസ്റ്റിങ്ങെന്നും അത് താന്‍ സിനിമയില്‍ ചെയ്യാറില്ലെന്നും ആഷിഖ് പറഞ്ഞു. നീലവെളിച്ചത്തിന്റെ റിലിസിനോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആഷിഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”വീട്ടിലെ ആളായതുകൊണ്ടല്ല റിമയെ നീലവിളിച്ചത്തിലേക്ക് കാസ്റ്റ് ചെയ്തത്. വീട്ടിലെ ആള്‍ക്കാരെ കാസ്റ്റ് ചെയ്യുന്ന ഒരു പണിയല്ല സിനിമ. റിമ എന്റെ വീട്ടുകാരിയാവുന്നതിന് മുമ്പോ അല്ലെങ്കില്‍ എന്റെ കൂടെ താമസിക്കുന്നതിന് മുമ്പേ ഒരു അഭിനേത്രിയാണല്ലോ.
ഇവരെയെല്ലാം കാസ്റ്റ് ചെയ്യാന്‍ ഒരു കാരണമുണ്ട്. അങ്ങനെയൊരു സൗജന്യത്തിന്റെയോ എനിക്ക് ഒരു എളുപ്പത്തിന്റെയോ ഭാഗമായി നടന്ന കാസ്റ്റിങ്ങല്ല. ഞാന്‍ അത് സിനിമയില്‍ ചെയ്യാറില്ല.
അതിന് മുമ്പ് പണി അറിയാവുന്ന ആളാണ്. പിന്നെ കാസ്റ്റ് ചെയ്യപ്പെടാന്‍ ചില കാരണങ്ങളുണ്ടല്ലോ. ഓരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരന്‍ എത്താന്‍ കാരണങ്ങളുണ്ട്. അത്തരമൊരു കാരണം വളരെ സ്‌ട്രോങ്ങായി റിമയിലുമുണ്ട് എന്നതാണ് എന്റെ വിശ്വസം,” ആഷിഖ് അബു പറഞ്ഞു.
ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം.
വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് ആഷിഖ് ചിത്രം നിര്‍മിച്ചത്. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.
content highlight: director ashiq abu about rima kallingal