'അഭിമാനത്തോടുകൂടി പറയുന്നു, ഞാന്‍ പുലയന്‍ ആണ്'; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് വന്ന ജാതി അധിക്ഷേപ കമന്റിന് മറുപടിയുമായി സംവിധായകന്‍ അരുണ്‍രാജ്
Film News
'അഭിമാനത്തോടുകൂടി പറയുന്നു, ഞാന്‍ പുലയന്‍ ആണ്'; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് വന്ന ജാതി അധിക്ഷേപ കമന്റിന് മറുപടിയുമായി സംവിധായകന്‍ അരുണ്‍രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st February 2023, 12:38 pm

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് വന്ന ജാതി അധിക്ഷേപ കമന്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍രാജ്. കഴിഞ്ഞ ദിവസം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ബാക്കി പുറകെ,’ എന്ന ക്യാപ്ഷനോടെ അരുണ്‍രാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനാണ് ജാതി അധിക്ഷേപത്തോടെയുള്ള കമന്റ് വന്നത്.

‘ഇവന്‍ ആണോ അരുണ്‍രാജ്. മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവന്‍ ആണോ. പുലയന്മാര്‍ക്ക് ആര്‍ക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാര്‍ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപണിയും ചെയ്യാന്‍ പറ. പുലയന്റെ മോന്‍,’ എന്നാണ് പ്രിയ രതീഷ് എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്.

കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് പുലയനാണെന്ന് അഭിമാനത്തോടെ പറയുമെന്നാണ് അരുണ്‍രാജ് കുറിച്ചത്. തന്റെ ജാതിയോ മതമോ നിറമോ എവിടെയും മറച്ചുവെച്ചിട്ടില്ലെന്നും അതറിഞ്ഞുകൊണ്ടാണ് നിര്‍മാതാക്കള്‍ തന്റെ ഒപ്പം നിന്നതെന്നും അരുണ്‍രാജ് പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയില്‍ കാണുന്ന ആളാണ് മമ്മൂട്ടിയെന്നും അതുകൊണ്ട് തനിക്കും തന്റെ സിനിമക്കും ഒരു പ്രശ്‌നവുമില്ലെന്നും അരുണ്‍രാജ് കുറിച്ചു.

‘പ്രിയ സുഹൃത്തുക്കളെ, ഏറെ വിഷമത്തോടെ, ഇന്ന് ഞാന്‍ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിന്റെ താഴെ വന്ന ഒരു കമന്റ് എല്ലാവരും കണ്ടുകാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവര്‍ക്ക് ഞാന്‍ ഇവിടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാന്‍ വന്നത്, ഞാന്‍ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാന്‍ പുലയന്‍ ആണ് എന്ന്.

ഞാന്‍ എന്റെ ജാതി, മതം, നിറം എവിടെയും മറച്ച് വെച്ചില്ല. എന്റെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ നാല് സിനിമകള്‍ ചെയ്തത്. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അതിന്റെ പ്രൊഡ്യൂസേഴ്‌സ്, ഡയറക്ടേഴ്‌സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാന്‍ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്.

മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം. പുള്ളി ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയില്‍ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എന്റെ സിനിമക്കും ഒരു പ്രശ്‌നവുമില്ല. പിന്നെ ഇത് എന്തിന്റെ പ്രശ്‌നമാണെന്നും ഇത് ആരാണ് ചെയ്യുന്നതെന്നും എനിക്ക് വ്യക്തമായിട്ട് അറിയാം. കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും അങ്ങനെയുണ്ടായാല്‍ ഈ രീതിയില്‍ അല്ല പ്രതികരിക്കുന്നത്.

View this post on Instagram

A post shared by Arun Raj (@arunrajoffi_cal)

ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകര്‍ക്കരുത് ഒരു അപേക്ഷ ആണ്. കൂടെ നിന്നവര്‍ക്കെല്ലാം ഒരുപാട് നന്ദി,’ അരുണ്‍രാജ് പറഞ്ഞു.

Content Highlight: Director Arunraj reacts to caste abuse comments for his photo with Mammootty