| Monday, 30th August 2021, 1:15 pm

നിയമം എടുത്ത് പുറം ചൊറിഞ്ഞ് നിങ്ങളിതങ്ങോട്ടാണ് പൊലീസേ; മലപ്പുറം പോക്‌സോ കേസ്, ആറ്റിങ്ങല്‍ പിങ്ക് പൊലീസ് സംഭവങ്ങളില്‍ വിമര്‍ശനവുമായി അരുണ്‍ ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും ആറ്റിങ്ങലിലെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവവും മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ പെട്ട നിരപരാധിയായ പതിനെട്ടുകാരനെ പൊലീസ് മര്‍ദിച്ച സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു അരുണ്‍ ഗോപിയുടെ വിമര്‍ശനം.

‘മൊഴികേള്‍ക്കുമ്പോള്‍ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോര്‍ക്കുക ജീവിതം എല്ലാര്‍ക്കുമുണ്ട്. മാനാഭിമാനങ്ങള്‍ ആരുടേയും കുത്തക അല്ല. ഒരു പാവം പയ്യനെ 36 ദിവസം. അങ്ങനെ എത്ര എത്ര നിരപരാധികള്‍.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്റെ കേള്‍വിയ്ക്കു വരെ തകരാര്‍ സൃഷ്ടിച്ച് നിയമത്തെ എടുത്തു പുറം ചൊറിയുന്നത്. നിങ്ങളിതെങ്ങോട്ടാണ് പൊലീസ്?

പിങ്ക് പോലീസിന്റെ പങ്ക് നിരപരാധിയെ പിടിച്ചുപറിക്കാരന്‍ വരെ ആക്കാന്‍ എത്തി നില്‍ക്കുമ്പോള്‍ ആശങ്കയോട് ചോദിച്ചു പോകുന്നതാണ്. നല്ലവരായ പോലീസുകാര്‍ ക്ഷമിക്കുക,’ അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മലപ്പുറത്തെ കേസില്‍ പെട്ട തിരൂരങ്ങാടി സ്വദേശി ശ്രീനാഥ് നിരപരാധിയാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിയിക്കപ്പെട്ടത്. ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെ ശ്രീനാഥിനെ സ്വന്തം ജാമ്യത്തില്‍ പോക്‌സോ കോടതി വിട്ടയക്കുകയായിരുന്നു. ജയിലില്‍ നിന്നും പുറത്തുവന്ന ശ്രീനാഥ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

പൊലീസ് തന്നെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചുവെന്നും വെളിപ്പെടുത്തിയ ശ്രീനാഥ് പൊലീസ് മുഖത്തടിച്ചതിനെ തുടര്‍ന്ന് തന്റെ കേള്‍വി ശക്തിക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്നും ശ്രീനാഥ് പറഞ്ഞിരുന്നു. ശ്രീനാഥ് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയുന്ന വീഡിയോ അരുണ്‍ ഗോപി തന്റെ വിമര്‍ശനക്കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് ആറ്റിങ്ങലില്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തത്. പിന്നീട് പൊലീസുകാരുടെ ബാഗില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുദീപ് രംഗത്തെത്തിയിരുന്നു. ‘സ്വന്തം ഫോണ്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ അതിലേയ്ക്ക് ആദ്യമൊന്നു വിളിച്ചു നോക്കണമെന്ന ബാലപാഠം പോലും അറിയാത്ത നീയൊക്കെ ഏതു കോപ്പിലെ പൊലീസാണ്?

നീയൊക്കെ ഇതേപോലെ എത്രയോ കേസന്വേഷിക്കുകയും എത്രയെത്ര നിരപരാധികളെ ഇപ്പോഴും ഇനിയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നുണ്ടാവും? നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല, ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യും,’ എന്നായിരുന്നു സുദീപ് ഫേസ്ബുക്കിലെഴുതിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Arun Gopy against Kerala Police

We use cookies to give you the best possible experience. Learn more