| Monday, 9th August 2021, 12:35 pm

എന്റെ ഈശോ, ഈ പാപികളോട് പൊറുത്താലും; ഈശോ സിനിമ വിവാദത്തില്‍ സംവിധായകന്‍ അരുണ്‍ ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഈശോയുടെ പേരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ ഗോപി. ഈ പാപികളോട് ഈശോ പൊറുക്കണമെന്ന രീതിയിലുള്ള കുറിപ്പുമായാണ് അരുണ്‍ ഗോപി എത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്റെ ഈശോ, അങ്ങിതുവല്ലതും അറിയുന്നുണ്ടോ? ഈ പാപികളോട് പൊറുത്താലും അങ്ങയുടെ മഹത്വവും ശക്തിയും ഇവരറിയുന്നില്ലല്ലോ. അറിഞ്ഞിരുന്നേല്‍ അങ്ങയുടെ പേരിനായി ഈ ചേരിതിരിയല്‍ ഉണ്ടാകുമായിരുന്നില്ലല്ലോ,’ എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കിലെഴുതിയത്.

സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെയാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്നാണ് ചില ഗ്രൂപ്പുകള്‍ പറയുന്നത്.

മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് അടക്കമുള്ളവര്‍ വിഷയത്തില്‍ വിദ്വേഷപരാമര്‍ശങ്ങളുമായെത്തിയിരുന്നു. ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജ് നേരത്തെ ഉയര്‍ത്തിയ ഭീഷണി. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

ഈശോ സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കെ.സി.ബി.സിയും രംഗത്തുവന്നിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ട്. അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണം. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ടെന്നാണ് കെ.സി.ബി.സി വക്താവായ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞത്.

സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുകയേ ചെയ്യൂ. ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പ്പേരിന് കോട്ടം വരുത്തും.

ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്‍കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.

ചില രൂക്ഷ പ്രതികരണങ്ങള്‍ വന്നെങ്കിലും സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്ന് നാദിര്‍ഷ അറിയിച്ചിട്ടുണ്ട്.

സിനിമ കണ്ടതിന് ശേഷം വേണം ചിത്രത്തെ കുറിച്ച് പ്രതികരിക്കാന്‍ എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ ജയസൂര്യ പ്രതികരിച്ചത്. കലാകാരന്മായാല്‍ മര്യാദ വേണം എന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.

നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും ഫെഫ്ക പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Arun Gopy about Eesho movie controversy

We use cookies to give you the best possible experience. Learn more