നിങ്ങളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍, വിസര്‍ജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ഈ പേര് ചേരില്ല; പൃഥ്വിക്കും ലക്ഷദ്വീപ് ജനങ്ങള്‍ക്കും പിന്തുണയുമായി അരുണ്‍ ഗോപി
കൊച്ചി:ലക്ഷദ്വീപ് ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരായ സംഘപരിവാര്‍ ചാനലായ ജനം ടി.വിയുടെ അധിക്ഷേപത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി.
സംസ്‌ക്കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, ഈ വാചകങ്ങള്‍ നിങ്ങള്‍ തിരുത്തണ്ട, കാരണം നിങ്ങളില്‍ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍.
പക്ഷെ ജനം എന്ന പേര് നിങ്ങള്‍ തിരുത്തണം..! ഈ വിസര്‍ജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ആ പേര് യോജിക്കില്ല, ലക്ഷദ്വീപിലെ ‘ജന’ത്തിനൊപ്പം എന്നായിരുന്നു അരുണിന്റെ പ്രതികരണം.
തൃത്താല മുന്‍ എം.എല്‍.എ വി.ടി ബല്‍റാമും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും പൃഥ്വിരാജിന് പിന്തുണയുമായി രംഗത്ത് എത്തി. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് സംഘപരിവാര്‍ ചാനലായ ജനം ടി.വി രംഗത്തെത്തിയത്.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ചാനലിന്റെ എഡിറ്ററായ ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നും കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട് സുരേഷ് ബാബു ലേഖനത്തില്‍ പറയുന്നു.
നേരത്തെ പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്നും അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ പുനര്‍വിചിന്തനം ചെയ്യണമെന്നു് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയറിയിച്ച് പൃഥ്വിരാജ് രംഗത്ത് എത്തിയതിന് പിന്നാലെ താരത്തിനെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.
പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളില്‍ ലക്ഷദ്വീപിനെതിരെ നിരവധി വ്യാജ വിദ്വേഷ ആരോപണങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. മാസങ്ങളായി ലക്ഷദ്വീപ് ജനത നടത്തിവരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെയാണ് പ്രതിഷേധമുയരുന്നത്.
ഈ പ്രതിഷേധത്തിന് പിന്തുണച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതിയത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്ന് പൃഥ്വിരാജ് പറഞ്ഞത്.