| Friday, 2nd July 2021, 12:10 pm

അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി; നേരറിയാന്‍ സി.ബി.ഐയിലെ ഓര്‍മ്മ പങ്കുവെച്ച് അരുണ്‍ ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മുട്ടി നായകനായ നേരറിയാന്‍ സി.ബി.ഐ. എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്തെ രസകരമായ ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ അരുണ്‍ ഗോപി. അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മാറിയ അനുഭവമാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ എഴുതിയത്.

ക്ലാപ്പ് ബോര്‍ഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയില്‍ നിന്നും രക്ഷപ്പെടാനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുറവാണെന്ന വ്യാജേന പൊലീസ് വേഷത്തില്‍ രക്ഷപെട്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ‘ജുവാവ്’ എന്ന ആമുഖത്തോടെയാണ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം അരുണ്‍ ഗോപി പങ്കുവെച്ചത്.

അന്തരിച്ച നടന്‍ ജിഷ്ണു ഫ്രൈമിലുള്ള ഒരു ചിത്രമാണ് അദ്ദേഹം ഷെയര്‍ ചെയ്തത്. പ്രിയ ജിഷ്ണുവിനൊപ്പം, ജിഷ്ണു ആയിരുന്നു തന്റെ ആദ്യ നടനായ സുഹൃത്തെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘ജോര്‍ജ് സാര്‍ ആയിരുന്നു ക്യാമറാമാന്‍. എന്നെ ക്ലാപ്ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെ ആയിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, കാരണം ഞാന്‍ പൊതുവെ സാര്‍ വെയ്ക്കുന്ന ഫ്രെയ്മിന്റെ അപ്പുറത്തെ ക്ലാപ്പ് വെക്കൂ,’ അരുണ്‍ ഗോപി എഴുതി.
അത് ഭയന്നാണ് പൊലീസ് വേഷത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ എം. മധുവിനെ ഓര്‍ത്തെടുക്കാനും അരുണ്‍ ഗോപി മറന്നില്ല. മധു സാര്‍ എന്ന ഗുരുമുഖത്തുനിന്ന് ശകാരവര്‍ഷങ്ങള്‍ ഏറ്റുവാങ്ങി തോല്‍ക്കാന്‍ തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓര്‍മ്മയ്ക്ക് എന്നാണ് അദ്ദേഹം എഴുതിയത്.

ദിലീപ്് നായകനായ 2017-ല്‍ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ ഗോപി സംവിധായകനായി മലയാള ചലച്ചിത്ര ലോകത്ത് എത്തുന്നത്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാമലീല.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരായ പൊലീസ് കേസും ജയില്‍വാസവും രാമലീല എന്ന ചിത്രത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായ 2019ല്‍ പുറത്തറിങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അരുണ്‍ ഗോപി ചെയിത അടുത്ത ചിത്രം.

അരുണ്‍ ഗോപിയുടെ വാക്കുകള്‍

അന്നൊരു നാളില്‍. ക്ലാപ്പ് ബോര്‍ഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയില്‍ നിന്നും രക്ഷപെടാനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുറവാണെന്ന വ്യാജേന പൊലീസ് വേഷത്തില്‍ രക്ഷപ്പെട്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ജുവാവ്.

സാലു ജോര്‍ജ് സാര്‍ ആയിരുന്നു ക്യാമറാമാന്‍. എന്നെ ക്ലാപ്ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെ ആയിരുന്നു കുറ്റം പറയാന്‍ പറ്റില്ല, കാരണം ഞാന്‍ പൊതുവെ സാര്‍ വെയ്ക്കുന്ന ഫ്രെമിന്റെ അപ്പുറത്തെ ക്ലാപ് വെക്കൂ.

മധു സര്‍ എന്ന ഗുരുമുഖത്തുനിന്നു ശകാരവര്‍ഷങ്ങള്‍ ഏറ്റുവാങ്ങി തോല്‍ക്കാന്‍ തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓര്‍മ്മയ്ക്ക്. പ്രിയ ജിഷ്ണുവിനൊപ്പം, ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Director Arun Gopi shares his memory of Nerariyan CBI
We use cookies to give you the best possible experience. Learn more