Advertisement
Movie Day
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടണമെങ്കില്‍ കുറ്റം ചെയ്ത ആളിനെ കണ്ടെത്തണം; ദിലീപിനെ പിന്തുണച്ച് അരുണ്‍ ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 07, 11:34 am
Friday, 7th January 2022, 5:04 pm

വനിത മാഗസിന്റെ കവര്‍ പേജില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ചിത്രം വന്നത് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഈ സഹാചര്യത്തില്‍ ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പേജില്‍ വനിതയുടെ കവര്‍ പേജ് പങ്കുവെച്ച് ‘ലൗവ് റിയാക്ഷന്‍’ നല്‍കിയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടുക തന്നെ വേണം. അതിന് അതുചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടത് എന്ന കമന്റും അരുണ്‍ ഗോപി പോസ്റ്റിന് താഴെ നല്‍കുന്നുണ്ട്.

അരുണ്‍ ഗോപിയുടെ പോസ്റ്റ് വന്നതിന് ശേഷം നിരവധി പേര്‍ വിമര്‍ശനങ്ങളുമായി വരുന്നുണ്ട്. ദിലീപുമായുള്ള അരുണ്‍ ഗോപിയുടെ സൗഹൃദമാണ് ദിലീപിനെ വെള്ളപൂശാന്‍ അദ്ദേഹം ശ്രമിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

‘എന്റെ വളര്‍ച്ച അത് ഞാന്‍ നോക്കിക്കോളാം ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതികിട്ടുക തന്നെ വേണം. അതിന് അത് ചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടത്.

കോടതി താങ്കളുടെ കണ്ടെത്തല്‍ അംഗീകരിക്കുമ്പോള്‍ ഞാന്‍ താങ്കള്‍ പറയുന്നതും അംഗീകരിക്കാം,’ എന്ന് തന്റെ പോസ്റ്റിനെ വിമര്‍ശിച്ചുള്ള ഒരു കമന്റിന് അരുണ്‍ ഗോപി മറുപടി നല്‍കി.

അതേസമയം, നിര്‍മാതാവ് സാന്ദ്ര തോമസ് ദീലിപിനെ പിന്തുണച്ച് രംഗത്തുവന്നതും വിമര്‍ശിക്കപ്പെട്ടിരുന്നു. മാമാട്ടിയെന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ചിത്രത്തില്‍ കാണാനാവുന്നുള്ളൂയെന്നായിരുന്നു ദിലീപിനെ പിന്തുണച്ച് സാന്ദ്ര തോമസ് ഫേസ്ബുക്കിലെ കുറിച്ചത്.

‘മാമാട്ടി ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു,’ സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ എഴുതിയത്.

കഴിഞ്ഞ ദിവസമാണ് വനിതയിലെ പുതിയ കവര്‍ ചിത്രം പുറത്തുവരുന്നത്. ദിലീപിന്റെ കുടുംബ ചിത്രം കവര്‍ ഫോട്ടോ ആയി വരുന്നതിനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുണ്ട്.

സഹപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഒരാളെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തില്‍ വെള്ളപൂശുന്നെന്നായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ വിമര്‍ശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNTENT HIGHLIGHTS: Director Arun Gopi has come out in support of Dileep