| Thursday, 26th July 2018, 10:53 am

ഹനാന് സിനിമയില്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നില്ല; സംവിധായകന്‍ അരുണ്‍ ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹനാന്‍ എന്ന കുട്ടിക്ക് പുതിയ ചിത്രത്തില്‍ വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞത് സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ടല്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇങ്ങനെ പറഞ്ഞുകേള്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും അരുണ്‍ പറഞ്ഞു.

മാധ്യമങ്ങള്‍ വഴി അറിഞ്ഞ വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുക്കുന്നത്. പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി നാടകമാണെന്നൊക്കെ പറഞ്ഞുപരത്തുന്നത് ദു:ഖകരമാണ്.


ദല്‍ഹിയിലെ വസതിയില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍; പട്ടിണി മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച് ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാള്‍ക്ക് സഹായകരമാകട്ടെ എന്നോര്‍ത്താണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെന്നും അതിങ്ങനെയായതില്‍ ദു:ഖമുണ്ടെന്നും” അരുണ്‍ മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.

പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നത്. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തില്‍ ഒരു വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞത്.

സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കുട്ടിയുടെ പോസ്റ്റ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേതെന്ന ചിന്തയോടെയാണ് ആ കുറിപ്പ് അവിടെ എഴുതിയത്.

“ഈ കുട്ടിക്ക് ഒരവസരം നല്‍കിയാല്‍ സഹായകമാകും ചേട്ടാ” എന്നൊരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാന്‍ അതിന് മറുപടി പറയുകയും ചെയ്തു. മാധ്യമങ്ങള്‍ വഴി അറിഞ്ഞ വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുക്കുന്നത്.”- അരുണ്‍ പറയുന്നു.

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി നിരവധിപേരെത്തി.

എന്നാല്‍ പിന്നീട് ഈ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയായിരുന്നു.
ഇതോടെയാണ് സംഭവം വിവാദമായത്.

We use cookies to give you the best possible experience. Learn more