18 പ്ലസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ മാത്യു തോമസിനെ ‘മൊഡ മാത്യു’ എന്നാണ് എല്ലാവരും വിളിച്ചുകൊണ്ടിരുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഡി. ജോസ്. സിനിമയില്‍ മാത്യുവിന്റെ കഥാപാത്രം അണിയുന്ന ‘ഇടിവള’ അണിഞ്ഞാണ് അവന്‍ എപ്പോഴും സെറ്റില്‍ വരാറുള്ളതും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈംമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാത്യു ഈ സിനിമയില്‍ ഇതുവരെ ചെയ്യാത്ത പരിപാടി ചെയ്തിട്ടുണ്ട്. അവനീ
സിനിമയിലെ കാസ്റ്റിങ് ഡയറക്ടറാണെന്ന് പറയാം. പിന്നെ അവന്റെ പെര്‍ഫോമെന്‍സും എടുത്ത് പറയണം. അവന്റെ ക്യാരക്ടര്‍ അണിയുന്ന ഒരു ഇടിവള ഉണ്ട്. രാവിലെ വന്ന് അവന്‍ അത് കയ്യിലിട്ട് കഴിഞ്ഞാല്‍ അവനാ കഥാപാത്രമായി മാറി.
എല്ലാവരും അവനെ മൊഡ മാത്യു എന്നാണ് വിളിച്ചോണ്ടിരുന്നത്. ആ ക്യാരക്ടര്‍ അവന്റെ കൂടെ എപ്പോഴും ഉണ്ടാകും. ആ ഒരു വ്യത്യസ്ഥത ഈ സിനിമയില്‍ കാണുമെന്ന് പ്രതീക്ഷിക്കാം,’ അരുണ്‍ ഡി. ജോസ് പറഞ്ഞു.
മാത്യുവും ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ‘ഇതെങ്ങനും വര്‍ക്കാകാതിരുന്നാല്‍… വല്ല ആവശ്യവും ഉണ്ടോ’ എന്നാണ് സംവിധായകന്റെ തന്നെക്കുറിച്ചുള്ള പുകഴ്ത്തലിന് ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞത്. വിജയ് ചിത്രം ലിയോയുടെ ഷൂട്ട് കഴിഞ്ഞെന്നും ആ സിനിമയില്‍ വര്‍ക്ക് ചെയ്തത് നല്ല അനുഭവമായിരുന്നെന്നും മാത്യു അഭിമുഖത്തില്‍ പറഞ്ഞു.
‘ജോ ആന്‍ഡ് ജോ ‘ എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 18 പ്ലസ്. നസ്‌ലന്‍ നായകനാവുന്ന ചിത്രത്തില്‍
മീനാക്ഷി ദിനേശാണ് നായിക. ഇവരെ കൂടാതെ നിഖില വിമല്‍, ബിനു പപ്പു, സോഷ്യല്‍ മീഡിയ താരങ്ങളായ സാഫ് ബ്രോസ് തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂലായ് ഏഴ് മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഫലൂദ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നത്.