വിജയ് സേതുപതി നായകനായ പന്നെയാരും പദ്മിനിയും എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ചയാളാണ് എസ്.യു. അരുണ്‍കുമാര്‍. ആദ്യ സിനിമക്ക് തന്നെ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് അരുണ്‍കുമാര്‍ നേടി. രണ്ടാമത്തെ ചിത്രം സിന്ദുബാദ് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മൂന്നാമത്തെ സംവിധാനസംരംഭം ചിത്ത കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മാറി.
വിക്രമിനെ നായകനാക്കിക്കൊണ്ടുള്ള വീര ധീര സൂരന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം പുറത്തിറങ്ങുകയെന്നും ഒന്നാം ഭാഗം പിന്നീട് ഷൂട്ട് ചെയ്യുമെന്നും പറയുകയാണ് സംവിധായകന്‍ അരുണ്‍കുമാര്‍. ആദ്യ ഭാഗത്തെക്കുറിച്ചുള്ള കുറച്ച് സീനുകള്‍ ഈ സിനിമയില്‍ ഉണ്ടാകുമെന്നും എസ്.ജെ സൂര്യ- സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റാകും ആ സിനിമയെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
രണ്ട് നടന്മാരുടെയും ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമാണ് ഈ സിനിമയിലേതെന്നും അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയ സെറ്റാണ് വീര ധീര സൂരന്റേതെന്നും വിക്രം അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ ഓരോ സീനിനും തന്നെ സഹായിക്കാറുണ്ടായിരുന്നെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
എല്ലാം റെഡിയാകുമ്പോള്‍ മാത്രം സ്‌പോട്ടിലേക്കെത്താതെ ആദ്യം മുതല്‍ അവസാനം വരെ എല്ലാ കാര്യത്തിനും അവരെല്ലാം നില്‍ക്കാറുണ്ടായിരുന്നെന്നും അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട എക്‌സ്‌ക്ലൂസീവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഇപ്പോള്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നത് വീര ധീര സൂരന്റെ രണ്ടാം ഭാഗത്തിന്റേതാണ്. ഫസ്റ്റ് പാര്‍ട്ട് പിന്നീട് വരും. ആ സിനിമയുമായി കണക്ട് ചെയ്യിക്കുന്ന കുറച്ച് സീനുകള്‍ സെക്കന്‍ഡ് പാര്‍ട്ടില്‍ ഉണ്ടാകും. ഫസ്റ്റ് പാര്‍ട്ടുമായി ബന്ധപ്പെട്ടുള്ള അരമണിക്കൂര്‍ പോര്‍ഷന്‍ ഈ പടത്തില്‍ കാണിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. എസ്.ജെ. സൂര്യ- സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ക്യാരക്ടറുകള്‍ തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റാണ് മെയിന്‍. അവര്‍ രണ്ടുപേരും ഇതിന് മുമ്പ് ചെയ്യാത്ത ടൈപ്പ് ക്യാരക്ടറാണ് ഈ പടത്തില്‍.
വിക്രം സാര്‍, ദുഷാര, എസ്.ജെ. സൂര്യ സാര്‍ എന്നിവരെല്ലാം ഉള്ളപ്പോള്‍ എനിക്ക് നല്ല കംഫര്‍ട്ടായിരുന്നു. നമുക്ക് അധികം ടെന്‍ഷനടിക്കേണ്ട ആവശ്യമില്ലായിരുന്നു. ഓരോ സീന്‍ എടുക്കുന്നതിന് മുമ്പ് ആദ്യം തൊട്ടേ അവര്‍ എല്ലാവരുടെയും കൂടെ തന്നെ നിന്നിരുന്നു. ഷോട്ടിന് സമയമാകുമ്പോള്‍ മാത്രം വരുന്ന സ്വഭാവമല്ലായിരുന്നു. അതെല്ലാം നല്ല അനുഭവമായിരുന്നു,’ അരുണ്‍കുമാര്‍ പറഞ്ഞു.
Content Highlight: Director Arum Kumar about Veera Dheera Sooran movie