| Wednesday, 26th January 2022, 1:59 am

വിനീതിന്റെ ഏറ്റവും മികച്ച സിനിമ; പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്; ഹൃദയത്തെ പുകഴ്ത്തി അന്‍വര്‍ റഷീദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ കൊവിഡിനിടയിലും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇപ്പോള്‍ ഹൃദയത്തിലെ പ്രണവ് മോഹന്‍ലാലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ അന്‍വര്‍ റഷീദ്. വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമയാണ് ഹൃദയമെന്നും പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രത്തിലേതെന്നും അന്‍വര്‍ റഷീദ് ഫേസ്ബുക്കിലെഴുതി.

ചിത്രത്തിന് നട്ടെല്ലാവുന്ന സംഗീതമാണ് ഹെഷാം അബ്ദുള്‍ വഹാബ് ചെയ്തിരിക്കുന്നതെന്നും തിയേറ്ററുകള്‍ക്ക് മെറിലാന്റ് സിനിമാസിന്റെ കൊറോണക്കാലത്തെ സമ്മാനമാണ് ഹൃദയമെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

‘ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ’-ശ്രീകുമാരന്‍ തമ്പി
(സിനിമ – അക്ഷരത്തെറ്റ്)

വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമ!
പ്രണവ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്!
നട്ടെല്ലാവുന്ന സംഗീതം ഹെഷാം അബ്ദുള്‍ വഹാബ്
തയേറ്ററുകള്‍ക്ക് മെറിലാന്റ് സിനിമാസിന്റെ കൊറോണക്കാലത്തെ സമ്മാനം.. ഹൃദയം!’, അന്‍വര്‍ റഷീദ് പറഞ്ഞു.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്.

മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.

We use cookies to give you the best possible experience. Learn more