| Saturday, 14th May 2022, 4:09 pm

കഴമ്പില്ലാത്ത, ധാരണകളില്ലാത്ത അഴകുഴമ്പന്‍ നവ മാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമല്‍: അനുരാജ് മനോഹര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന നടി നിഖില വിമലിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ധാരണകളില്ലാത്ത അഴകുഴമ്പന്‍ നവ മാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമലെന്ന് പറയുകയാണ് സംവിധായകന്‍ അനുരാജ് മനോഹര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനുരാജ് മനോഹറിന്റെ പ്രതികരണം.

‘ടൈം ലൈന്‍ മുഴുവന്‍ നീലാമല്‍. കഴമ്പില്ലാത്ത ,ധാരണകളില്ലാത്ത അഴ കുഴമ്പന്‍ നവ മാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമല്‍.
ഓള്‍ടെ പടം ജോ&ജോ തീയറ്ററില്‍ നല്ല അഭിപ്രായവുമായി ഓടുന്നുണ്ട്.
നാളെയല്ല ഇന്ന് തന്നെ കാണണം,’ അനുരാജ് മനോഹര്‍ പറഞ്ഞു.

പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നായിരുന്നു നിഖില വിമലിന്റെ പ്രതികരണം. അത്തരത്തിലുള്ള സിസ്റ്റം ആളുകള്‍ ഉണ്ടാക്കിയെടുത്തതാണെന്നും ഒരു മൃഗത്തിന് മാത്രം പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നും നിഖില വിമല്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു താരം.

‘പശുവിനെ വെച്ചാല്‍ ജയിക്കുമോ. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന്. അത് മോളില്, നമ്മുടെ നാട്ടില്‍ വെട്ടാം.

നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല.

മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗങ്ങളെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടണം.

ഇത് വലിയ ഡിബേറ്റിനുള്ള ടോപിക്കാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നത് അവറ്റകള്‍ക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ്.

നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ മുഴുവനായും വെജിറ്റേറിയന്‍ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാന്‍ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാന്‍ എന്തും കഴിക്കും. നിര്‍ത്തുകയാണെങ്കില്‍ എല്ലാം നിര്‍ത്തണം.

ഞാന്‍ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും,’ നിഖില വിമല്‍ പറഞ്ഞു.

CONTENT HIGHLIGHTS: Director Anuraj Manohar congratulates actress Nikhila Vamal

We use cookies to give you the best possible experience. Learn more