ഇന്ത്യന്‍ സിനിമയുടെ മുഖമായ ബോളിവുഡിന് ഇപ്പോള്‍ കഷ്ടകാലമാണ്. വലിപ്പചെറുപ്പമില്ലാതെ ഇറങ്ങുന്ന സിനിമകളെല്ലാം ബോക്സ് ഓഫീസ് ദുരന്തങ്ങളാവുകയാണ്. അടുത്തിടെ ഇത്തരത്തില്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രമായിരുന്നു കരണ്‍ മല്‍ഹോത്രയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായ ഷംഷേര. യഷ് രാജ് ഫിലിംസ് നിര്‍മിച്ച് 150 കോടി മുതല്‍മുടക്കില്‍ എടുത്ത ചിത്രം 60 കോടി മാത്രമാണ് നേടിയത്.
ഷംഷേരയുടെ പരാജയത്തെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ‘ബോളിവുഡിനെ നിയന്ത്രിക്കുന്നത് തലമുറകളായി ചില ആളുകളാണ്. അവര്‍ വളരുന്നത് തന്നെ ട്രയല്‍ റൂമുകളിലാണ്. അതിനാല്‍ സിനിമയെ തന്നെ റെഫറന്‍സാക്കുന്നു. സ്‌ക്രീനിന് പുറത്തുള്ളത് അവര്‍ക്ക് സിനിമയായി തോന്നില്ല,’ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് പറഞ്ഞു.
‘വൈ.ആര്‍.എഫ് ഫിലിംസിന്റെ പ്രധാനപ്രശ്‌നം ഈ ട്രയല്‍ റൂം ഇഫക്റ്റാണ്. ഒരു കഥയെടുത്ത് അതില്‍ നിന്നും പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ഉണ്ടാകുന്നത്. മറ്റൊരു കഥയെടുത്ത് മാഡ് മാക്‌സ്; ഫ്യൂറി റോഡ് ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ അത് ഷംഷേര ആയി.
ഷംഷേര മൂന്ന് വര്‍ഷം മുമ്പേ റിലീസ് ചെയ്യുകയായിരുന്നെങ്കില്‍ ചിലപ്പോള്‍ വിജയിക്കുമായിരുന്നു. ഒന്നുമില്ലെങ്കിലും ഇപ്പോള്‍ സംഭവിച്ചതിനെക്കാള്‍ ഭേദമാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് ഒരുപാട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തപ്‌സി പന്നു നായികയായ ദൊബാരയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന അനുരാഗിന്റെ ചിത്രം.
സമീപകാലത്ത് ട്രെന്‍ഡിങ്ങായ ബോയ്‌കോട്ട് ബോളിവുഡിനെതിരെ നടന്‍ അര്‍ജുന്‍ കപൂര്‍ രംഗത്തെത്തിയിരുന്നു. നിശബ്ദത പാലിച്ചതാണ് തങ്ങള്‍ ചെയ്ത തെറ്റെന്ന് അര്‍ജുന്‍ പറഞ്ഞു. ഞങ്ങള്‍ കാണിച്ച മര്യാദ ബലഹീനതയായി കണ്ടു. പ്രവൃത്തി കൊണ്ട് മറുപടി നല്‍കാമെന്ന് വിചാരിച്ചു.
ഇതൊക്കെ പോട്ടെന്ന് വെച്ചു. കുറെയധികം സഹിച്ചു. ഇപ്പോള്‍ ആളുകള്‍ക്ക് ഇത് ശീലമായി. എല്ലാവരും മുമ്പോട്ട് വന്ന് എന്തെങ്കിലും ചെയ്യണം. എന്തൊക്കെ എഴുതിയോ, എന്തൊക്കെ ഹാഷ് ടാഗുകള്‍ വന്നോ അതൊക്കെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെയധികം ദൂരെയാണ്. ചില അജണ്ടകള്‍ പെരുപ്പിച്ച് കാണിക്കുന്നു. അതൊന്നും നിലനില്‍ക്കുന്നുപോലുമില്ലെന്ന് അര്‍ജുന്‍ പറഞ്ഞു.
ഇന്‍ഡസ്ട്രിക്ക് അതിന്റെ തിളക്കം നഷ്ടപ്പെടുകയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Anurag Kashyap is talking about the failure of Shamshera