മുംബൈയിലെത്തിയ ആദ്യ കാലത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. താന്‍ കിടന്നുറങ്ങാന്‍ ഇടം തേടി അലഞ്ഞ രാത്രികളെ കുറിച്ചും തന്നെ ചിലയിടങ്ങളില്‍ നിന്നും ഇറക്കി വിട്ടതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
തന്റെ ആദ്യ സിനിമ മുടങ്ങി പോയെന്നും പിന്നീട് മദ്യപാനത്തിലേക്കും വിഷാദ രോഗത്തിലേക്കും താന്‍ വീണുപോയെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണമില്ലാതെ മദ്യപാനം തുടര്‍ന്നപ്പോള്‍ തന്റെ ഭാര്യ വീട്ടില്‍ നിന്നും ചവിട്ടി പുറത്താക്കിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണി എന്ന പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘അന്ന് ജുഹു സര്‍ക്കിളിന് നടുവില്‍ ഒരു പൂന്തോട്ടമുണ്ടായിരുന്നു. സിഗ്‌നലുകളൊന്നുമില്ലാത്ത ഒരു റൗണ്ട് എബൗട്ടായിരുന്നു അത്. അക്കാലത്ത് സ്ഥിരമായി ഞാന്‍ അവിടെയാണ് രാത്രി ഉറങ്ങാറുള്ളത്. പക്ഷെ ചിലപ്പോള്‍ അവിടെ നിന്നും ഞങ്ങളെ പുറത്താക്കും.
പിന്നെ വെര്‍സോവ ലിങ്ക് റോഡിലേക്ക് പോകും. അവിടെ ഒരു വലിയ നടപ്പാതയുണ്ട്. അവിടെ ആളുകള്‍ വരിവരിയായി കിടന്ന് ഉറങ്ങാറുണ്ടായിരുന്നു. എന്നാല്‍ അവിടെ കിടന്നുറങ്ങാന്‍ 6 രൂപ കൊടുക്കണം. അതിനുള്ള പൈസ പോലും കയ്യിലുണ്ടായിരുന്നില്ല.
എന്റെ ആദ്യചിത്രം പാഞ്ച് നിന്നുപോയി. രണ്ടാമത്തെ ചിത്രമായ ബ്ലാക്ക് ഫ്രൈഡേ റിലീസിന് ഒരു ദിവസം മുമ്പേ പ്രതിസന്ധിയിലായി. ഇതോടെ മുറിയില്‍ അടച്ചിരിക്കാനും മദ്യപിക്കാനും തുടങ്ങി. ഒന്നൊന്നര വര്‍ഷം ഒരു നിയന്ത്രണവുമില്ലാതെ കുടിച്ചു.
അതോടെ ആരതി (മുന്‍ഭാര്യ ആരതി ബജാജ്) വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി. മകള്‍ക്കപ്പോള്‍ നാലുവയസ് മാത്രമായിരുന്നു പ്രായം. ബുദ്ധിമുട്ടേറിയ നാളുകളായിരുന്നു അത്. അതോടെ ഞാന്‍ വിഷാദ രോഗത്തിലേക്ക് പോയി,’ അനുരാഗ് കശ്യപ് പറഞ്ഞു.
content highlight: director anurag kashyap about his experience in mumbai