നെറ്റ്ഫ്‌ളിക്‌സ് തമിഴ് ആന്തോളജി പാവ കഥൈകളിലെ വെട്രിമാരന്‍ സംവിധാനം ചെയ്ത ഓരു ഇരവിനെ അഭിനന്ദിച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ചിത്രം മുഴുവന്‍ സമൂഹത്തെയും രണ്ട് കഥാപാത്രങ്ങളിലൂടെ വരച്ചു കാണിക്കുകയാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. വെട്രിമാരനും കേന്ദ്ര കഥാപാത്രമായ സുമതിയെ അവതരിപ്പിച്ച സായ് പല്ലവിയും ചേര്‍ന്ന് നെറ്റ്ഫ്‌ളിക്‌സില്‍ നടത്തിയ സംഭാഷണത്തിലാണ് ഒരു ഇരവിനോടുള്ള പ്രതികരണം അനുരാഗ് കശ്യപ് പങ്കുവെച്ചത്.
‘മുഴുവന്‍ സമൂഹത്തെയും ഈ ഒരൊറ്റ ചിത്രത്തിനുള്ളില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു അച്ഛനും മകളും, ഈ രണ്ട് കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞുകൊണ്ട് സമൂഹത്തെ മുഴുവനായി അവതരിപ്പിക്കുകയാണ്. ഇതാണ് ഈ സിനിമയെ മികച്ചതാക്കുന്ന പ്രധാന ഘടകം. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരഭിമാനത്തെ ഈ രണ്ട് കഥാപാത്രങ്ങളിലൂടെ വ്യക്തമായി കാണിക്കുന്നു.
സിനിമയില്‍ അവരെല്ലാവരും ഒന്നിച്ചിരിക്കുമ്പോള്‍ നമുക്ക് നല്ല അടുപ്പമുള്ള ഒരു കുടുംബത്തെ പോലെ തോന്നും. പക്ഷെ അപ്പോഴാണ് പുറത്തുനിന്നും ദുരഭിമാനം എന്ന വികാരം അവരുടെ ഇടയിലേക്ക് വരുന്നത്.
പ്രകാശ് രാജിന്റെ കഥാപാത്രത്തിന് താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ ന്യായീകരണങ്ങളുണ്ട്. അയാളും ഈ ചിത്രവും കാണിച്ചു തരുന്ന ആ സമൂഹത്തിന്റെ ചിത്രം നമ്മളെ സ്തബ്ധരാക്കും. വലിയ ട്രോമയാണ് അത്. എന്നിട്ട് അതേ സമൂഹത്തിലാണ് നമ്മള്‍ തിരിച്ചുപോയി നോര്‍മലായി ജീവിക്കേണ്ടതും.’ വെട്രിമാരന്‍ പറഞ്ഞു.
ഇതരജാതിയില്‍ വിവാഹം കഴിച്ച മകളെ അവള്‍ ഗര്‍ഭിണിയായ ശേഷം വീട്ടിലേക്ക് അച്ഛന്‍ തിരിച്ചു കൊണ്ടുവരുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ഒരു ഇരവിന്റെ പശ്ചാത്തലം. ജാതീയതയും ദുരഭിമാനവുമാണ് ചിത്രത്തിന്റെ പ്രമേയം.
നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി സുധ കൊങ്കാര, വിഗ്‌നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് സംവിധായകര്‍ തയ്യാറാക്കിയ തങ്കം, ലവ് എന്‍ട്രാല്‍, വനമകള്‍, ഓരു ഇരവ് എന്നീ നാല് സിനിമകളാണ് പാവ കഥൈകളില്‍ ഉള്ളത്. ഡിസംബര്‍ പതിനെട്ടിനാണ് ചിത്രം റിലീസായത്.
പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. സ്ത്രീകള്‍ ഇതിന്റെയെല്ലാം ഇരകളായി മാറുന്നതും ചിത്രത്തിലെ പ്രധാന പ്രമേയമാണ്.
ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ഈ ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആര്‍.എസ്.വി.പി മൂവിസും ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക