Entertainment news
കുറ്റവാളിയെന്ന് സംശയിക്കുന്നവരെപ്പോലും എന്റെ സെറ്റില്‍ ഉള്‍പ്പെടുത്തില്ല; അതിന്റെ പേരില്‍ ഇല്ലാതായ സൗഹൃദങ്ങള്‍ ഓര്‍ത്ത് നഷ്ടബോധം ഉണ്ടായിട്ടില്ല: അഞ്ജലി മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 20, 04:33 pm
Sunday, 20th November 2022, 10:03 pm

ഒരുപിടി മികച്ച സിനിമകള്‍ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകയാണ് അഞ്ജലി മേനോന്‍. നിലപാട് പറഞ്ഞതിന്റെ പേരില്‍ ഇല്ലാതായ സൗഹൃദങ്ങളെക്കുറിച്ച് പറയുകയാണ് അഞ്ജലി. തന്റെ സിനിമയില്‍ കുറ്റവാളിയാണെന്ന് സംശയിക്കുന്ന വ്യക്തിയെ ഉള്‍പ്പെടുത്തില്ലെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്.

”നിലപാട് പറഞ്ഞത് കൊണ്ട് ഇല്ലാതായ സൗഹൃദങ്ങള്‍ ഓര്‍ത്ത് എനിക്ക് നഷ്ടബോധം ഉണ്ടായിട്ടില്ല. നമ്മള്‍ ഒരു നിലപാട് എടുത്തത് കൊണ്ട് പോയ സൗഹൃദം ആണെങ്കില്‍ അവര്‍ക്ക് അത്ര ഫൗണ്ടേഷന്‍ മാത്രമേ ഉണ്ടായിട്ടുള്ളു. അത്തരം ആളുകളുമായി ഞാന്‍ ചേരില്ല. അതുകൊണ്ട് അങ്ങനെ തന്നെ നില്‍ക്കട്ടെ.

ആക്ടിങ്ങും ആക്ടിവിസവും ഒരുമിച്ച് കൊണ്ട് പോകുന്നത് നല്ല ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ച് സിനിമ ചെയ്യുന്നത് ഞാനാണല്ലോ അതുകൊണ്ട് എനിക്ക് പ്രശ്‌നം ഇല്ല. പക്ഷേ ആക്ടേര്‍സിന്റെയും ടെക്‌നീഷ്യന്‍സിന്റെയും കാര്യം അതല്ല. എന്നിട്ടും തന്റെ സ്റ്റാന്‍ഡില്‍ നിന്നും മാറാതെ അവര്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ ധൈര്യശാലികള്‍ എന്ന് വിളിക്കാം.

എന്തെങ്കിലും പ്രശ്‌നം കാണിക്കുന്നവരെയും അലിഗേഷന്‍സില്‍ പെട്ടിട്ടുണ്ടെന്ന് സംശയമുള്ളവരെയും ഞാന്‍ എന്റെ സെറ്റില്‍ ഉള്‍പ്പെടുത്തില്ല. എന്റെ സെറ്റിന്റെ പരിസരം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ ഒരു കുറ്റവാളിയെ സിനിമയിലേക്ക് കൊണ്ട് വന്നാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുക ഞാന്‍ തന്നെയായിരിക്കും.

അവിടെ വര്‍ക്ക് ചെയ്യുന്നവരുടെ സേഫ്റ്റി നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇവിടെ ഉള്ള എല്ലാ സെറ്റിലും ഐ.സി.സിയും അതിന്റെ കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നുണ്ടെങ്കില്‍ എനിക്ക് ആ പ്രശ്‌നം ഇല്ല. കാരണം അങ്ങനെ ഒരു പ്രശ്‌നം വന്നാല്‍ ഡീല്‍ ചെയ്യാന്‍ ഇവിടെ ഒരു സിസ്റ്റമുണ്ട്.

പക്ഷേ ഇവിടെ ഇപ്പോഴും അതിന്റെ പ്രാക്ടീസ് ഭയങ്കര ലിമിറ്റഡാണ്. അങ്ങനെ ആകുന്നത് വരെ ഞാന്‍ കൂടുതല്‍ കെയര്‍ കൊടുക്കണം. അതുകൊണ്ട് കുറ്റവാളികളെ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ചെറിയ സംശയം തോന്നിയാലും ഞാന്‍ അവരെ മാറ്റി നിര്‍ത്തും. ആരെയും ജഡ്ജ് ചെയ്യാന്‍ വേണ്ടിയല്ല. എന്റെ സേഫ്റ്റിയും ചുറ്റുപാടുളളവരുടെ സേഫ്റ്റിയും പ്രധാനമായത് കൊണ്ടാണ്,” അഞ്ജലി മേനോന്‍ പറഞ്ഞു.

അതേസമയം, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. നിത്യ മേനെന്‍, നാദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. സോണി ലിവിലൂടെയാണ് വണ്ടര്‍ വുമണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. സിനിമ നവംബര്‍ 18നായിരുന്നു റിലീസ് ചെയ്തത്.

content highlight: director anjali menon said that her film will not include a suspected person