സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിനെതിരെ സംവിധായകന്‍ ലിജു കൃഷ്ണയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍. പലരും പല വിവരക്കേടും പറയുമെന്നും അതിനെല്ലാം പ്രതികരിക്കാന്‍ നിന്നാല്‍ തങ്ങളുടെ ജോലി നടക്കില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു.
‘പലരും പലതും സംസാരിക്കും. ഇതിനോടെല്ലാം പ്രതികരിക്കാന്‍ നിന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ വേറെ പണികളൊന്നും ചെയ്യാന്‍ പറ്റില്ല. നിര്‍ഭാഗ്യവശാല്‍ പലരും പല വിവരക്കേടും പറയാറുണ്ട്. ഓരോരുത്തരുടെയും വിവരക്കേട് മാറ്റാന്‍ നിന്നാല്‍ അത് പലപ്പോഴും സാധിച്ചു എന്ന് വരില്ല. നമ്മള്‍ നമ്മുടെ പണി നോക്കും. അതായിരിക്കും നല്ലത്,’ അഞ്ജലി പറഞ്ഞു.
പടവെട്ട് സിനിമയുടെ റിലീസിന് പിന്നാലെയാണ് സംവിധായക ഗീതു മോഹന്‍ദാസ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ലിജു കൃഷ്ണ പത്രസമ്മേളനം വിളിച്ച് ചേര്‍ത്തത്.
ഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യു.സി.സിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍ നിന്നും മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചിരുന്നു.
യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് കാക്കനാട് ഇന്‍ഫോപാര്‍ക് പൊലീസ് കണ്ണൂരില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 16നാണ് ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തത്.
Content Highlight: Director Anjali Menon refuses to respond to director Liju Krishna’s allegations against Geethu Mohandas