കൊച്ചി: ആരോഗ്യമന്ത്രി കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ല എന്നത് നിരാശാജനകമായ കാര്യമാണെന്ന് സംവിധായിക അഞ്ജലി മോനോന്‍.
ആളുകള്‍ക്ക് എന്നത്തേക്കാളും പ്രതീക്ഷയും ആത്മവിശ്വാസവും ആവശ്യമുള്ള ഒരു സമയത്ത്, ഇത്രയധികം ഭൂരിപക്ഷം നേടിയ ശൈലജ ടീച്ചറെപ്പോലെ ഇത്ര മികച്ചരീതിയില്‍ പ്രവൃത്തിച്ച മന്ത്രി മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്നത് നിരാശാജനകമാണെന്നാണ് അഞ്ജലി പറഞ്ഞത്.
കെ.കെ. ശൈലജയും അവരുടെ പ്രവര്‍ത്തനങ്ങളും പ്രചോദനമേകുന്നതായിരുന്നുവെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.
വ്യക്തിയിലെ യോഗ്യതയാണ് പ്രധാനം എന്ന തരത്തിലേക്ക് കാലം ക്രമേണ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് കെ.കെ ശൈലജയുടെ വളര്‍ച്ച നമുക്ക് തന്നിരുന്ന സൂചനയെന്നും അതോ തനിക്ക് തെറ്റിപ്പോയതാണോ എന്നും അഞ്ജലി ചോദിക്കുന്നു.
ഗായിക സിത്താര കൃഷ്ണകുമാറും ശൈലജ ടീച്ചറെ മാറ്റിയ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും സിത്താര പറഞ്ഞു.
അതേസമയം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു.
പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.
കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
പുതിയ മന്ത്രിസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, സജി ചെറിയാന്‍, വി. അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.