'കേരള കഫേ' ചര്‍ച്ചകള്‍ക്കിടയില്‍ എന്റെ ബിരിയാണി സംശയങ്ങള്‍ക്ക് മറുപടി തന്ന ആ സംവിധായകന്‍; ഒന്‍പതാം വര്‍ഷത്തില്‍ ഉസ്താദ് ഹോട്ടലുണ്ടായ കഥ പറഞ്ഞ് അഞ്ജലി മേനോന്‍
2012ല്‍ ഇറങ്ങി തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ഉസ്താദ് ഹോട്ടല്‍. ദുല്‍ഖര്‍ സല്‍മാനും തിലകനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തെ യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരുന്നു. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്.
സിനിമയിറങ്ങി ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുണ്ടായ കഥ പറയുകയാണ് അഞ്ജലി മേനോന്‍.
2009ല്‍ കേരള കഫേ എന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് അന്‍വര്‍ റഷീദിനെ പരിചയപ്പെടുന്നതെന്നും അന്ന് കഴിച്ച ബിരിയാണിയെ കുറിച്ച് താന്‍ ചോദിച്ച എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയത് അദ്ദേഹമായിരുന്നെന്നും അഞ്ജലി മേനോന്‍ തന്റെ ബ്ലോഗില്‍ പങ്കുവെച്ച ഓര്‍മ്മകുറിപ്പില്‍ പറയുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം തങ്ങളൊരുമിച്ച് ഉസ്താദ് ഹോട്ടല്‍ ചെയ്യുമെന്ന് അന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും അഞ്ജലി മേനോന്‍ പറയുന്നു.
‘ 2011ലാണ് ഉസ്താദ് ഹോട്ടലിനെ കുറിച്ചുള്ള ആദ്യ ഘട്ട ആലോചനകള്‍ തുടങ്ങുന്നത്. കോഴിക്കോടായിരുന്നു അന്ന് താമസം. ഗര്‍ഭിണിയായതു കൊണ്ട് വിശ്രമമെടുക്കാന്‍ പറഞ്ഞ സമയമായിരുന്നു.
ആത്മാവിന്റെ വിശപ്പകറ്റുന്ന കോഴിക്കോടന്‍ ഭക്ഷണമായിരുന്നു ചുറ്റിലും. ചില സ്‌റ്റോറി ഐഡിയകള്‍ പറയാനായി ഒരു ദിവസം അന്‍വര്‍ റഷീദിനെ വിളിച്ചു. അന്ന് പറഞ്ഞ ഉപ്പൂപ്പ എന്ന കഥാതന്തു അന്‍വര്‍ റഷീദിന് താല്‍പര്യമായി.
ഒരാഴ്ചക്ക് ശേഷം അന്‍വര്‍ റഷീദ് ഇവിടെ വന്ന് കഥ കേട്ടു. അന്ന് തന്നെ അദ്ദേഹം തന്റെ അടുത്ത സിനിമയുടെ കഥയ്ക്കുള്ള അഡ്വാന്‍സ് എനിക്ക് തന്നു. ഒരു കൊമേഴ്‌സ്യല്‍ എക്‌സ്പീരിയന്‍സുമില്ലാത്ത പുതിയ എഴുത്തുകാരി, മലയാളം വലിയ വശമില്ല, പോരാത്തതിന് സന്തോഷവതിയായ ഗര്‍ഭിണിയും – എന്നെ കുറിച്ചുള്ള ഇക്കാര്യങ്ങളൊന്നും അന്‍വറിന് പ്രശ്‌നമായില്ല.
ഞാന്‍ എഴുത്ത് തുടങ്ങി. അന്‍വര്‍ ഇടയ്ക്ക് ചില ഇടപെടലുകളും നടത്തും. ഏറെ സന്തോഷമുള്ള അനുഭവങ്ങളായിരുന്നു അത്. രണ്ടാം ആക്ട് അയച്ചു കഴിഞ്ഞ് മൂന്നാം ആക്ടിലേക്ക് കടക്കാനിരിക്കുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതിലും ഒരുമാസം മുന്‍പേ എന്റെ മകനെത്തി.
പ്രസവം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ ഞാന്‍ വീണ്ടും എഴുത്തില്‍ വ്യാപൃതയായെന്ന കാര്യം പലര്‍ക്കുമറിയില്ല. കുഞ്ഞിന് പാല്‍ കൊടുക്കുന്നു, ഉറക്കുന്നു, എഴുതുന്നു, പിന്നെയും ഇതു തന്നെ ആവര്‍ത്തിക്കുന്നു. സംവിധായകന്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിന് തുല്യമായി പ്രവര്‍ത്തിക്കണം എന്ന ചിന്തയായിരുന്നു മനസ് നിറയെ.
അങ്ങനെ പത്ത് മാസത്തിന് ശേഷം ഉസ്താദ് ഹോട്ടല്‍ റിലീസായി. അതിഗംഭീരമായിട്ടാണ് അന്‍വര്‍ ചിത്രം ഒരുക്കിയത്. മകനെയും മടിയിലിരുത്തി ഞാന്‍ സിനിമ കണ്ടു. മോന്‍ കണ്ട ആദ്യ സിനിമയായിരുന്നു അത്.
അന്ന് ആ തിയേറ്ററിലിരിക്കുമ്പോള്‍ ഓരോ ഡയലോഗിനും ഉയര്‍ന്ന കയ്യടിയും ഹൃദയമിടിപ്പുകളും ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളാണ്. അന്ന് നല്‍കിയ സ്‌നേഹത്തിന് ഒരുപാട് നന്ദി.
അഗര്‍ ഇസ് ദുനിയ മേം ജന്നത്ത് ഹേ, തോ ബസ് യഹി ഹേ, യഹി ഹേ, യഹി ഹേ, സുബാനള്ളാഹ്,’ അഞ്ജലി മേനോന്റെ കുറിപ്പില്‍ പറയുന്നു.