| Tuesday, 8th March 2022, 2:05 pm

ഡബ്ല്യു.സി.സിയുമായി നിരന്തരം സംസാരിച്ചിരുന്നവര്‍ പിന്നീട് ചോദിച്ചത് 'ആരാണ് ഡബ്ല്യു.സി.സി' എന്ന്; ഇവരുടെയൊക്കെ മുന്നിലാണോ നമ്മള്‍ എല്ലാ സത്യങ്ങളും പറഞ്ഞതെന്ന് പലരും ചോദിച്ചു; ഹേമ കമ്മിറ്റിയെക്കുറിച്ച് അഞ്ജലി മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ തൊഴിലിടത്തിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി സംവിധായിക അഞ്ജലി മേനോന്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുരോഗതി ഉണ്ടാകാത്തതിനെക്കുറിച്ചും സിനിമയിലെ ആഭ്യന്തരകമ്മിറ്റി രൂപീകരണമടക്കം നടക്കാത്തതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഞ്ജലി.

ഒരു സമയത്ത് ഡബ്ല്യു.സി.സിയിലെ അംഗങ്ങളോട് നിരന്തരം സംസാരിച്ചിരുന്ന കമ്മിറ്റിയിലെ അംഗങ്ങള്‍ പിന്നീട് ‘ആരാണ് ഡബ്ല്യു.സി.സി’ എന്നുവരെ ചോദിച്ചെന്നും, ഈ കമ്മിറ്റിക്ക് മുന്നിലാണോ നമ്മള്‍ എല്ലാ സത്യങ്ങളും പറഞ്ഞതെന്ന് പലരും ഡബ്ല്യു.സി.സിക്ക് മുന്നില്‍ വന്ന് പറഞ്ഞെന്നുമാണ് അഞ്ജലി മേനോന്‍ പറയുന്നത്.

”ഇവിടെ ഒരുപാട് സ്‌കീമുകളും ഇനീഷ്യേറ്റീവുകളും തുടങ്ങിവെക്കുമ്പോള്‍ അത് എത്രത്തോളം പൂര്‍ത്തീകരണത്തിലെത്തുന്നുണ്ട് എന്ന് നമ്മള്‍ നോക്കേണ്ടതാണ്.

ഈ കാലഘട്ടം ഒരുപാട് ചാലഞ്ചസ് ഉണ്ടായ സമയം കൂടിയാണ്. ഈ കമ്മിറ്റിയിലുള്ള ആളുകളുമായി തുടക്കത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് കോളുകളും ഇടപെടലുകളും ഉണ്ടായിരുന്നു.

സിനിമ ഇന്‍ഡസ്ട്രിയില്‍ പല കാര്യങ്ങളും എങ്ങനെ ഫങ്ഷന്‍ ചെയ്യുന്നു, ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എങ്ങനെ വര്‍ക്ക് ചെയ്യുന്നു- അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഡബ്ല്യു.സി.സിയിലെ എല്ലാ അംഗങ്ങളുമായും ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെയാണ് ഈ പഠനം വരെ നടത്തിയിട്ടുള്ളത്.

പക്ഷേ എല്ലാം കഴിഞ്ഞിട്ട് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കുമ്പോള്‍, അത് എവിടെ എന്ന് അന്വേഷിക്കുമ്പോള്‍ ‘ആരാണ് ഡബ്ല്യു.സി.സി’ എന്ന് ചോദിക്കുന്നത് ഇതേ കമ്മിറ്റിയിലുള്ള ആളുകളാണ്. ഇതാണ് ഞങ്ങള്‍ക്ക് ഏറ്റവുമധികം വിഷമമുണ്ടാക്കുന്നത്.

ഈ കമ്മിറ്റിയിലെ അംഗങ്ങളുടെ അടുത്ത് നിന്നും വരുന്ന സ്‌റ്റേറ്റ്‌മെന്റുകള്‍ ശരിക്കും വളരെ ഷോക്കിങ് ആണ്. അതാണ് ശരിക്കും ഞങ്ങള്‍ക്ക് ഏറ്റവും വലിയ നിരാശ നല്‍കുന്നത്.

കമ്മിറ്റിക്ക് മുന്നില്‍ ചെന്നിരുന്ന് സംസാരിച്ച എത്രയോ സ്ത്രീകള്‍ ഞങ്ങളെ വിളിച്ച് ചോദിക്കുന്നത്, ‘ഇവരുടെയൊക്കെ മുന്നില്‍ പോയിട്ടാണോ നമ്മള്‍ എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞത്’, എന്നാണ്. അത് വളരെ ഷോക്കിങ് ആയിരുന്നു.

കാരണം, നമ്മള്‍ അത്രയും വിശ്വാസം അര്‍പ്പിച്ചാണ് അവരോട് സംസാരിച്ചിരുന്നത്. ഒരു റിസള്‍ട്ടുമില്ലാതെ അത് ഇങ്ങനെ നില്‍ക്കും എന്ന് ഞങ്ങള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഉറപ്പായും ഇതിന് ഒരു പരിഹാരമുണ്ടാകണം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍ ഇതിന് ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും ഞങ്ങള്‍ ചെന്ന് മുട്ടുന്നുണ്ട്, കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

ഇതിനെല്ലാം എത്രയും പെട്ടെന്ന് ഒരു റിസള്‍ട്ട് വരും എന്നുള്ള ഒരു വിശ്വാസം എവിടെയോ ഉള്ളത് കൊണ്ട് തന്നെയാണല്ലോ ഞങ്ങള്‍ ഇത് ചെയ്യുന്നത്,” അഞ്ജലി മേനോന്‍ പറഞ്ഞു.


Content Highlight: Director Anjali Menon about Hema Committee report, WCC and her experience in Malayalam cinema

We use cookies to give you the best possible experience. Learn more