സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് അഞ്ജലി മേനോന്‍. സിനിമയുടെ വിവിധ മേഖലകളിലുള്ള പ്രമുഖരായ സ്ത്രീകളെ ഉള്‍പ്പെടുത്തി ഫിലിം കമ്പാനിയന്‍ നടത്തിയ ചര്‍ച്ചയിലാണ് അഞ്ജലി മേനോന്‍ വനിതാ സംവിധായകര്‍ നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് സംസാരിച്ചത്.
‘സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്നയാളുടെ ആത്മവിശ്വാസമാണ് ഇതില്‍ പ്രധാന വിഷയം. മാര്‍ക്കറ്റ് ചില മുന്‍ഗണനകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്, അതായത് വിജയിച്ച ചിത്രങ്ങള്‍ നിങ്ങളുടെ പേരിലുണ്ടെങ്കില്‍ ആളുകള്‍ പണം മുടക്കാന്‍ തയ്യാറാകും.
പക്ഷെ നമ്മുടെ സാമൂഹ്യവ്യവസ്ഥ കൊണ്ടുകൂടി പുരുഷന്മാരല്ലാത്ത സംവിധായകര്‍ അധികമുണ്ടാകാറില്ല. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് വനിതാസംവിധായകരില്‍ വിശ്വാസം ഉണ്ടാകാനും എളുപ്പമല്ല. വനിതകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവസരം ലഭിക്കാത്തതിനുള്ള കാരണമിതാണ്. ഇതൊരു ശരിയായ കാരണമല്ല എന്നതാണ് സത്യം.
മുഖ്യധാര സിനിമകള്‍ കാലങ്ങളായി തുടരുന്ന പാറ്റേണ്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല. അവര്‍ക്ക് അവരുടെ കംഫര്‍ട്ട് സോണുകളില്‍ തന്നെ തുടരാനാണ് ആഗ്രഹം. നിര്‍മ്മാതാക്കള്‍ മാത്രമല്ല ഇതിന് കാരണം, താരങ്ങളും ഇതിന്റെ ഭാഗമാണ്. സിനിമയുടെ വിവിധ മേഖലകളില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നതോടെ ഈ രീതിയില്‍ മാറ്റം വരും.’ അഞ്ജലി മേനോന്‍ പറഞ്ഞു.
വുമനിയ എന്ന് പേരില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ജലി മേനോനോടൊപ്പം നടിമാരായ തപ്‌സി പന്നു, സാമന്ത അക്കിനേനി, സംവിധായക സൃഷ്ടി ബേല്‍ ആര്യ, ഛായാഗ്രാഹക കെയ്‌കോ നകഹാര എന്നിവരും പങ്കെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Anjali Menon about gender discrimination in film industry