മലയാളികള്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാറിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് തിരക്കഥാകൃത്തുക്കളിലൊരാളായ അനി ഐ.വി. ശശി. മോഹന്‍ലാലിനൊപ്പം നേരത്തെയും പരസ്യചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പ്രണവിനൊപ്പം മരക്കാറിലാണ് ആദ്യമായി വര്‍ക്ക് ചെയ്യുന്നതെന്നും അനി ഐ.വി. ശശി പറഞ്ഞു.
പ്രണവിനെ സംവിധായകര്‍ ഇതുവരെയും പൂര്‍ണമായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിനയമികവ് എല്ലാവരും കാണാനിരിക്കുന്നതേയുള്ളൂവെന്നും അനി പറഞ്ഞു. പ്രണവിന്റെ പ്രകടനം കണ്ട് മോഹന്‍ലാലിന്റെയും അമ്മ സുചിത്രയുടെയും കണ്ണ് നിറയുന്നത് താന്‍ കണ്ടുവെന്നും അനി കൂട്ടിച്ചേര്‍ത്തു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനി.
‘ലാല്‍ സാറിനൊപ്പം മുമ്പ് പല തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരക്കാറിലാണ് പ്രണവിനൊപ്പം ആദ്യം. ശരിക്കും അതൊരു അഭിമാന നിമിഷം തന്നെയായിരുന്നു. നമ്മുടെ സംവിധായകര്‍ അയാളെ ഇതുവരെയും പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
ഒരു പ്രത്യേക സീനിലെ പ്രണവിന്റെ പ്രകടനം ലാല്‍ സാറിന്റെയും സുചിയാന്റിയുടെയും കണ്ണ് നനയ്ക്കുന്നത് ഞങ്ങള്‍ കണ്ടതാണ്. പ്രണവ് മോഹന്‍ലാലിന്റെ അഭിനയ മികവ് സിനിമാലോകം കാണാനിരിക്കുന്നതേയുള്ളു,’ അനി പറഞ്ഞു.
മരക്കാറിനെ കുറിച്ചുള്ള മറ്റ് അനുഭവങ്ങളും അനി അഭിമുഖത്തില്‍ പങ്കുവെച്ചു. 110 ദിവസം സിനിമാ സെറ്റിലെ ഓരോ സിനിമാ പ്രവര്‍ത്തകനും കഷ്ടപ്പെട്ടതിന്റെ ഉത്പന്നമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്തും ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം ഇപ്പോള്‍ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് കഷ്ടപ്പെട്ടാണ് കടലിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. റാമോജി ഫിലിം സിറ്റിയില്‍ ഒരു സമുദ്രം തന്നെ സൃഷ്ടിക്കുകയായിരുന്നു ഞങ്ങളുടെ മുന്നിലെ വെല്ലുവിളി. അത് നൂറ് ശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അനി ഐ.വി. ശശി പറഞ്ഞു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി. കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയ്ന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാര്‍. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാവും മരക്കാര്‍. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.