ആ പടത്തിന്റെ ലൊക്കേഷനില്‍ വെച്ച്, നിനക്ക് സിനിമ ചെയ്യാനാവില്ല, നീ ചത്ത് പോകുമെന്ന് ലാലേട്ടന്‍ പറഞ്ഞു: അനീഷ് അന്‍വര്‍
Film News
ആ പടത്തിന്റെ ലൊക്കേഷനില്‍ വെച്ച്, നിനക്ക് സിനിമ ചെയ്യാനാവില്ല, നീ ചത്ത് പോകുമെന്ന് ലാലേട്ടന്‍ പറഞ്ഞു: അനീഷ് അന്‍വര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 8:53 am

സക്കറിയയുടെ ഗര്‍ഭിണികള്‍, ബഷീറിന്റെ പ്രേമലേഖനം ഉള്‍പ്പെടെയുള്ള സിനിമകളുടെ സംവിധായകനാണ് അനീഷ് അന്‍വര്‍. നിരവധി സിനിമകളുടെ അസിസ്റ്ററ്റ് ഡയറക്ടറായിട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ സിനിമകളില്‍ അസിസ്റ്ററ്റ് ഡയറക്ടറായതിനെ കുറിച്ച് പറയുകയാണ് അനീഷ് അന്‍വര്‍.

‘മാമ്പഴക്കാലം സിനിമ കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ഉടയോന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ വേണ്ടി പോകുന്നത്. മാമ്പഴക്കാലം വളരെ ലൈറ്റായിട്ടുള്ള ഒരു സിനിമയായിരുന്നു. ആലപ്പുഴയിലെ ഒരു വീട്ടിലായിരുന്നു അതിന്റെ ഷൂട്ടിങ് നടന്നിരുന്നത്.

രാവിലെ ലൊക്കേഷനില്‍ പോയാല്‍ പിന്നെ രാത്രി വരെ അവിടെ തന്നെയാവും ഉണ്ടാവുക. ഔട്ട് ഡോര്‍ ഷൂട്ട് വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഒരു ഫാമിലി ഡ്രാമയായിരുന്നു അത്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞിട്ടായിരുന്നു ഉടയോന്‍ സിനിമയുടെ ഷൂട്ടുണ്ടായിരുന്നത്. ഷൂട്ട് പൊള്ളാച്ചിയില്‍ ആയിരുന്നു. അത് ഒരുപാട് അനുഭവങ്ങളുള്ള ഒരു പടമാണ്.

കാരണം നല്ല ചൂടുള്ള സമയത്താണ് ഞങ്ങള്‍ പൊള്ളാച്ചിയിലേക്ക് പോകുന്നത്. അവിടെ പോയിട്ട് നാല്പത്തിയഞ്ച് ദിവസമായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. തുടക്കം മുതല്‍ക്കേ ലൊക്കേഷനില്‍ ഞാന്‍ ഉണ്ടായിരുന്നു. പക്ഷേ നാല്പത്തിയഞ്ച് ദിവസം പ്ലാന്‍ ചെയ്തിട്ട് ഷൂട്ട് ചെയ്ത് തീരുന്നത് എണ്‍പത് ദിവസം കൊണ്ടാണ്.

രാവിലെ മുതല്‍ പൊള്ളാച്ചിയിലെ പാറമടയിലൊക്കെയായിരുന്നു ഷൂട്ട്. നല്ല വെയിലും ചൂടും കാരണം സിനിമയുടെ ഷൂട്ട് കഴിയുമ്പോഴേക്കും നമ്മളെ കണ്ടാല്‍ തിരിച്ചറിയാതെയായി. എന്റെ ഓര്‍മ ശരിയാണെങ്കില്‍, ഉടയോന്റെ ഷൂട്ട് അവസാനിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് ജോഷി സാറും നരന്‍ സിനിമയുടെ ടീമും ഞങ്ങളുടെ അതേ ഹോട്ടലില്‍ വന്നു.

അവര്‍ അവിടെ നരന്‍ ഷൂട്ട് ചെയ്യാന്‍ പോകുകയായിരുന്നു. ഞാന്‍ ആണെങ്കില്‍ ആ സിനിമയിലും അസിസ്റ്റന്റ് ആണ്. പകല്‍ ഉടയോന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ രാത്രി നരന്റെ പ്ലാനിങ്ങില്‍ ഇരിക്കും. അങ്ങനെ ഉടയോന്‍ പാക്കപ്പ് ആയിട്ട് അവര്‍ പോയതും ഞാന്‍ നരന്‍ സിനിമയില്‍ ജോയിന്‍ ചെയ്തു. അതിലും നായകന്‍ ലാലേട്ടന്‍ തന്നെയാണല്ലോ.

അപ്പോള്‍ അന്ന് ലാലേട്ടന്‍ ചോദിച്ചത്, ‘എടാ നിനക്ക് സ്വന്തം പടം ചെയ്യണ്ടേ’ എന്നായിരുന്നു. അതെന്താണ് അങ്ങനെ ഒരു ചോദ്യമെന്ന് ചോദിച്ചപ്പോള്‍, ‘നീ ചത്തുപോകും’ എന്നായിരുന്നു. കാരണം ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ ഇടയില്‍ ഒരുപാട് തവണ ഹോസ്പിറ്റലില്‍ ആയിരുന്നു.

അത് കഴിഞ്ഞ് വീണ്ടും അതേ സ്ഥലത്ത് ഷൂട്ടിന് വന്നത് കണ്ടിട്ടാണ് ലാലേട്ടന്‍ അത് പറഞ്ഞത്. ‘നിനക്ക് സിനിമ ചെയ്യാന്‍ പറ്റില്ല, നീ ചത്ത് പോകും’ എന്ന് പറഞ്ഞു. എനിക്ക് ഒട്ടും വയ്യാതെ ആയതും ജോഷി സാറിനോട് പോയി സംസാരിച്ചു. അങ്ങനെ ആ സിനിമയുടെ പാതിയില്‍ നിന്ന് ഞാന്‍ ഇറങ്ങി,’ അനീഷ് അന്‍വര്‍ പറഞ്ഞു.


Content Highlight: Director Aneesh Anwar Talks About Mohanlal