മാന്ത്രികം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് നടിയോട് മോശമായി പെരുമാറിയ വ്യക്തിയോട് മോഹന്‍ലാല്‍ പ്രതികരിച്ച സംഭവം പറയുകയാണ് സംവിധായകനും, ഛായാഗ്രാഹകനുമായ ഇസ്മായില്‍ ഹസ്സന്‍. അതുവരെ മോഹന്‍ലാലിനെ അങ്ങനെയൊരു ഭാവത്തില്‍ കണ്ടിട്ടില്ലെന്ന് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്മായില്‍ പറഞ്ഞു.
‘കമല്‍ സാറിന്റെ വിഷ്ണുലോകം എന്ന സിനിമയില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ സിനിമ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത എക്‌സ്പീരിയന്‍സായിരുന്നു. അദ്ദേഹത്തെ ആദ്യം അങ്ങോട്ട് കേറി പരിചയപ്പെടാന്‍ ഒരു ഭയമുണ്ടായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ ഇങ്ങോട്ട് കേറി സംസാരിച്ചു, പിന്നെ നല്ല സുഹൃദ് ബന്ധമായി.
ഒരിക്കല്‍ ഒരു മജിസ്‌ട്രേറ്റ് ഹണിമൂണ്‍ ട്രിപ്പിനിടയില്‍ സെറ്റ് കാണാന്‍ വന്നു. പുള്ളി വന്നപ്പോള്‍ ലാലേട്ടന്‍ അങ്ങോട്ട് പോകുന്നില്ല. ലാലേട്ടാ ഒരു മജിസ്‌ട്രേറ്റ് അല്ലേ വന്നത്, അങ്ങോട്ട് പോകുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. അതിനെക്കാളും രസം നിങ്ങളുമായി കമ്പനിയടിച്ച് തോളില്‍ കയ്യിട്ട് നില്‍ക്കുന്നതാണെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അതായിരുന്നു ലാലേട്ടന്റെ സെറ്റിലെ ഒരു മൂഡ്.
അതിന് ശേഷം അദ്ദേഹത്തിനൊപ്പം ഉള്ളടക്കത്തില്‍ വര്‍ക്ക് ചെയ്തു. ഉള്ളടക്കം കഴിഞ്ഞ് മാന്ത്രികത്തിലേക്ക് എത്തി. അപ്പോഴേക്കും അദ്ദേഹം നാഷണല്‍ അവാര്‍ഡ് വിന്നറായിരുന്നു. അദ്ദേഹത്തിന് ഒരു സാത്വിക മനസുണ്ട്. താന്‍ കാരണം ആരും വിഷമിക്കരുത് എന്നൊരു ചിന്ത. അതേ ലാലേട്ടനെ മറ്റൊരു മുഖത്തില്‍ കണ്ടിട്ടുണ്ട്.
ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റിനെ കാണാന്‍ വന്നവരില്‍ ഒരാള്‍ അറിയാത്തത് പോലെ ദേഹത്ത് കേറി തട്ടി, ലാലേട്ടന്‍ അവനോട് ചൂടായി. ഞങ്ങളാരും ഒരിക്കലും കാണാത്ത ഒരു മുഖമായിരുന്നു അത്. ആ കുട്ടിയെ ഒരുപക്ഷേ ഒരു സഹോദരിയെ പോലെയായിരുക്കും ലാലേട്ടന്‍ കണ്ടത്. എന്തായാലും നമ്മുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയോട് ഒരുത്തന്‍ അനാവശ്യമായി പെരുമാറിയപ്പോള്‍ അദ്ദേഹം റിയാക്ട് ചെയ്തിട്ടുണ്ട്,’ ഇസ്മായില്‍ പറഞ്ഞു.
Content Highlight: Director and cinematographer Ismail Hassan narrates the incident where Mohanlal got angry with a person who came to watch the shooting of the film Mantrikam