ആയുധ വ്യവസായത്തില്‍ ലോകം അടിമപ്പെട്ടിരിക്കുന്നു; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സംവിധായകന്‍ ആനന്ദ് പട്‌വർദ്ധന്
national news
ആയുധ വ്യവസായത്തില്‍ ലോകം അടിമപ്പെട്ടിരിക്കുന്നു; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സംവിധായകന്‍ ആനന്ദ് പട്‌വർദ്ധന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 7:17 pm

ആംസ്റ്റര്‍ഡാം: ഗസയിലും ഉക്രൈനിലും മറ്റു യുദ്ധമേഖലകളിലും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനന്ദ് പട്‌വർദ്ധന്. ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ആംസ്റ്റര്‍ഡാമില്‍ (ഐ.ഡി.എഫ്.എ) മികച്ച എഡിറ്റിങ്ങിനായുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധമേഖലകളില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ വേദി താന്‍ ഉപയോഗിക്കുന്നതായി ആനന്ദ് പട്‌വർദ്ധന് വ്യക്തമാക്കി.

‘നദി മുതല്‍ കടല്‍ വരെ ഫലസ്തീന്‍ സ്വതന്ത്രമാകും’ എന്നത് തെറ്റിദ്ധരിക്കപ്പെട്ട മുദ്രാവാക്യമാണെന്ന് പട്‌വർദ്ധന് പറഞ്ഞു. ചിലര്‍ ഈ മുദ്രാവാക്യത്തെ ഏകരാഷ്ട്ര പരിഹാരത്തിനും ജൂതന്മാരുടെ വംശീയ ഉന്മൂലനത്തിനും ആഹ്വാനം ചെയ്യുന്ന ഒന്നായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ തെറ്റിദ്ധാരണയാണ് ‘നദി മുതല്‍ കടല്‍ വരെ ഫലസ്തീന്‍ സ്വതന്ത്രമാകും’ എന്ന മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്ന് ആനന്ദ് പട്‌വർദ്ധന് കൂട്ടിച്ചേര്‍ത്തു.

മുസ്ലിങ്ങള്‍ക്കും, ജൂതന്മാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, മറ്റു മതസ്ഥര്‍ക്കും സമാധാനത്തോടെ ഒരേ ഐക്യത്തോടും തുല്യ അവകാശത്തോടും കൂടി ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന ഒരു ഭൂമിക്കായി താന്‍ ആഹ്വാനം ചെയ്യുന്നുവെന്ന് ആനന്ദ് പട്‌വർദ്ധന് പറഞ്ഞു.

യുദ്ധത്തില്‍ നിന്നും മരണങ്ങളില്‍ നിന്നും ലാഭം നേടുന്ന ഒരു ആഗോള ആയുധ വ്യവസായത്തില്‍ ലോകം മുഴുവന്‍ അടിമപ്പെട്ടിരിക്കുകയാണെന്നും ഈ അടിമത്തത്തില്‍ നിന്നാണ് ലോകം സ്വതന്ത്രമാകേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വസുധൈവ കുടുംബകം, ദ വേള്‍ഡ് ഈസ് ഫാമിലി എന്നീ ചിത്രങ്ങള്‍ക്കാണ് പട്‌വർദ്ധന് പുരസ്‌കാരം ലഭിച്ചത്. പ്രശസ്തമായ വി ആര്‍ നോട്ട് യുവര്‍ മങ്കീസ്, റിബണ്‍സ് ഫോര്‍ പീസ്, യു കാന്‍ ഡിസ്‌ട്രോയ് ദി ബോഡി എന്നിങ്ങനെയുള്ള ഡോക്യൂമെന്ററികളുടെ സംവിധായകന്‍ കൂടിയാണ് ആനന്ദ് പട്‌വർദ്ധന്.

Content Highlight: Director Anand Patwardhan wants to declare a ceasefire