| Saturday, 3rd December 2022, 4:59 pm

തുംബാഡ് അല്ല കാന്താര; ഇത് ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷം; ആനന്ദ് ഗാന്ധി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിഷഭ് ഷെട്ടി ചിത്രം കാന്താരക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആനന്ദ് ഗാന്ധി. തുംബാഡുമായി കാന്താരയെ താരതമ്യപ്പെടുത്താനാവില്ലെന്നും ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷമാണ് കാന്താരയെന്നും ആനന്ദ് ഗാന്ധി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ആനന്ദ് ഗാന്ധിയുടെ പ്രതികരണം. ‘തുംബാഡുമായി ഒരു തരത്തിലും യോജിക്കുന്നതല്ല കാന്താര. സങ്കുചിതമനോഭാവത്തേയും ടോക്‌സിക് മസ്‌കുലിനിറ്റിയേയും ഹൊററിനോട് ചേര്‍ത്ത് കാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം. കാന്താര ഇതിന്റെയെല്ലാം ആഘോഷമാണ്,’ ആനന്ദ് ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

തുംബാഡിന്റെ സഹഎഴുത്തുകാരനും ക്രിയേറ്റീവ് ഡയറക്ടറുമാണ് ആനന്ദ് ഗാന്ധി. രാഹുല്‍ ആനന്ദ് ബാര്‍വേയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്ത് വന്ന ചിത്രമാണ് തുംബാഡ്. വലിയ നിരൂപക പ്രശംസയാണ് ചിത്രം പിടിച്ചുപറ്റിയത്. കാന്താര എന്ന ചിത്രം ശ്രദ്ധ നേടിയപ്പോള്‍ തുംബാഡുമായി നിരവധി പേര്‍ താരതമ്യപ്പെടുത്തിയിരുന്നു. ഇതിനിടക്കാണ് ആനന്ദ് ഗാന്ധി വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഈ വര്‍ഷം സെപ്റ്റംബര്‍ 30നായിരുന്നു കാന്താരയുടെ ഒറിജിനല്‍ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. റിഷഭ് ഷെട്ടി കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ അദ്ദേഹം തന്നെയായിരുന്നു സംവിധാനം ചെയ്തതും. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും. കര്‍ണാടകക്ക് പുറത്തേക്കും ശ്രദ്ധ നേടിയതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റി ഇറക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഇതിനോടകം 400 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു കാന്താര കേരളത്തില്‍ എത്തിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Director Anand Gandhi criticizes Rishabh Shetty’s film Kantara

We use cookies to give you the best possible experience. Learn more