കലാഭവന്‍ ഷാജോണ്‍ – വിനയ് ഫോര്‍ട്ട് എന്നിവര്‍ നായകന്മാരായെത്തി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ആട്ടം. നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും ചെയ്യുന്ന ആട്ടം ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മിച്ചത്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ചും നടന്‍ കലാഭവന്‍ ഷാജോണിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ആനന്ദ് ഏകര്‍ഷി.
‘ഷാജോണ്‍ ചേട്ടന് ഒരു ഇന്റലിജന്‍സുണ്ട്. ആദ്യ ദിവസം വന്നപ്പോള്‍ തന്നെ സാധാരണ ചെയ്യുന്ന സിനിമയുടെ മീറ്ററില്‍ അല്ല ആളുകള്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത് എന്നുള്ള കാര്യം ചേട്ടന്‍ മനസിലാക്കിയിരുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ അതിലേക്ക് സ്വയം ഷിഫ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു.
വളരെ റിയലസ്റ്റിക് ആയിട്ടുള്ള സ്‌പേസിലേക്ക് ഷാജോണ്‍ ചേട്ടന്‍ ഷിഫ്റ്റായി. പിന്നെ സിനിമയുടെ തുടക്കത്തില്‍ പത്ത് മിനിറ്റ് നാടകം കാണിക്കുന്നുണ്ട്. അപ്പോള്‍ നാടകത്തിന്റെ കാര്യം പുതിയത് ആയത് കൊണ്ട് ചേട്ടന്‍ എന്നോട് വന്ന് പറഞ്ഞത് റിഹേഴ്‌സല്‍ ചെയ്യണം എന്നായിരുന്നു. അങ്ങനെ മൂന്ന് ദിവസം ചേട്ടന്‍ റിഹേഴ്സല്‍ ചെയ്തു.
പിന്നെ ഈ സിനിമയിലെ ചേട്ടന്റെ കഥാപാത്രത്തെ നോക്കുകയാണെങ്കില്‍ വളരെ രസകരമാണ്. അതായത് ഒരു സിനിമാ നടനായിട്ടാണ് ചേട്ടന്‍ അഭിനയിക്കുന്നത്. നാടകത്തില്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ആളാണ് ആ കഥാപാത്രം.
നാടകത്തില്‍ ഇയാള്‍ മോശം നടനാണ്. അതേസമയം ചെറിയ ഒരു സെലിബ്രിറ്റിയുമാണ്. അപ്പോള്‍ അഭിനയിക്കുകയും വേണം എന്നാല്‍ മോശം നടനായാണ് അഭിനയിക്കേണ്ടതും. അത് വളരെ ഡിഫിക്കള്‍ട്ട് നിറഞ്ഞ സംഭവമാണ്. അത് ഷാജോണ്‍ ചേട്ടന്‍ നന്നായി ചെയ്തു,’ ആനന്ദ് ഏകര്‍ഷി പറഞ്ഞു.
അതേസമയം, ആട്ടം ജനുവരി അഞ്ചിനാണ് പുറത്തിറങ്ങുന്നത്. കലാഭവന്‍ ഷാജോണിനും വിനയ് ഫോര്‍ട്ടിനും പുറമെ സെറിന്‍ ശിഹാബ്, നന്ദന്‍ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും രംഗനാഥ് രവി ശബ്ദസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസില്‍ സി.ജെയും പ്രൊഡക്ഷന്‍ ശബ്ദമിശ്രണം ജിക്കു എം. ജോഷിയും കളര്‍ ഗ്രേഡിങ് ശ്രീക് വാരിയറും നിര്‍വഹിച്ചിരിക്കുന്നു.
Content Highlight: Director Anand Ekarshi Talks About Kalabhavan Shajon And Aattam Movie