|

'രജനികാന്ത് അന്ന് മികച്ച അഭിനയമാണോ കാഴ്ചവെച്ചത്; ഹോളിവുഡ് താരങ്ങള്‍ പോലും അത്ഭുതപ്പെട്ട് പോകുന്ന രീതിയില്‍ അഭിനയിച്ചവര്‍ക്ക് പോലും അവാര്‍ഡ് നല്‍കിയിട്ടില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാ അവാര്‍ഡ് വിതരണത്തിന് പിന്നിലും ഒരു ലോബിയിങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തമിഴ് സംവിധായകന്‍ അമീര്‍. തന്റെ ഏറ്റവും പുതിയ വെബ്‌സീരീസിന്റെ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ അതൃപ്തി തുറന്ന് പറഞ്ഞത്. ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം ഓസ്‌കാര്‍ പുരസ്‌കാരം നേടിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് അമീര്‍ തന്റെ അഭിപ്രായം പറഞ്ഞത്.

ആര്‍.ആര്‍.ആറിന് പുരസ്‌കാരം ലഭിച്ചത് നല്ല കാര്യമാണെന്നും എന്നാല്‍ കഴിഞ്ഞ 30 വര്‍ഷമായി എല്ലാ അവാര്‍ഡ് ദാനത്തിന് പിന്നിലും ഒരു ലോബിയിങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമീര്‍ പറഞ്ഞു. തമിഴ് നടന്‍ ശിവാജി ഗണേശന് പല തവണയായി അവാര്‍ഡ് നിഷേധിക്കപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തിയാണ് സംവിധായകന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

‘നാട്ടു നാട്ടു എന്ന ഗാനം നമ്മുടെ ഇന്ത്യയില്‍ നിന്നും ഒരു അന്താരാഷ്ട്ര വേദിയില്‍ വിജയം വരിക്കുന്നത് നല്ല കാര്യമാണ്. അത് രാഷ്ട്രീയത്തിനപ്പുറം സന്തോഷകരമായ കാര്യമാണ്. എന്നാല്‍ ഇന്ന് എല്ലാ അവാര്‍ഡുകള്‍ക്ക് പിന്നിലും ഒരു ലോബിയിങ് നടക്കുന്നുണ്ട്. സംസ്ഥാന, ദേശീയ തുടങ്ങി എല്ലാ പുരസ്‌കാരങ്ങളിലും ഇതുണ്ട്. 30 വര്‍ഷത്തോളമായി ഇത് തുടരുന്നു.

ഹോളിവുഡ് താരങ്ങള്‍ പോലും അത്ഭുതപ്പെട്ട അഭിനയം ആയിരുന്നു ശിവാജി ഗണേശന്റേത്. എന്നാല്‍ അദ്ദേഹത്തിന് ഒരു ദേശീയ പുരസ്‌കാരവും കിട്ടിയില്ല. ഒടുവില്‍ തേവര്‍ മകന്‍ സിനിമയില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ നമ്മുടെ ആളുകള്‍ ജൂറിയില്‍ ഉണ്ടായിരുന്നു. അവര്‍ തനിക്ക് വേണ്ടി പിടിച്ചുവാങ്ങിയതാണ് ഈ അവാര്‍ഡ് എന്നാണ് ശിവാജി പറഞ്ഞത്,’ അമീര്‍ പറഞ്ഞു.

2007ലാണ് അമീറിന്റെ ആദ്യ ചിത്രമായ പരുത്തിവീരന്‍ റിലീസ് ചെയ്തത്. വലിയ ബോക്‌സോഫീസ് വിജയത്തിന് പിന്നാലെ പ്രേക്ഷക പ്രീതിയും പിടിച്ച് പറ്റാന്‍ സിനിമക്ക് കഴിഞ്ഞിരുന്നു. നിരവധി അവാര്‍ഡും സിനിമ നേടി. പ്രിയാമണിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പരുത്തിവീരനിലൂടെ ലഭിച്ചു. എന്നാല്‍ അത്തവണത്തെ തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്‍ ശിവാജി എന്ന ചിത്രത്തിലെ അഭിനയത്തിന് രജനികാന്താണ് നേടിയത്. രജനികാന്ത് അന്ന് മികച്ച അഭിനയമാണോ ശിവാജിയില്‍ കാണിച്ചത് എന്നും മാധ്യമങ്ങളോട് സംസാരിക്കവെ അമീര്‍ ചോദിച്ചു.

CONTENT HIGHLIGHT: DIRECTOR AMEER ABOUT RAJANIKANTH

Video Stories