Entertainment news
ഷൈന്‍ കോസ്റ്റ്യൂംസ് ധരിച്ച് കഴിഞ്ഞാല്‍ പിന്നെ ഇരിക്കില്ല; പാന്റ്‌സിന്റെ ഫോള്‍ ഒക്കെ നേരെ വരാനായി മൂന്നോ നാലോ അണ്ടര്‍വെയര്‍ ധരിച്ചിരുന്നു: അമല്‍ നീരദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 28, 01:33 pm
Monday, 28th March 2022, 7:03 pm

ഭീഷ്മ പര്‍വ്വം റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിരുന്നൊരു കഥാപാത്രമായിരുന്നു ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍. പീറ്ററിന്റെ ഡയലോഗ് പ്രസന്റേഷനും എക്‌സ്പ്രഷന്‍സിനുമൊപ്പം ഡാന്‍സും ചര്‍ച്ചയിലിടം പിടിച്ചിരുന്നു.

ക്യാരക്ടറിന് വേണ്ടി ഷൈന്‍ എടുത്ത റിസ്‌കിനെ കുറിച്ചും പീറ്ററിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഭീഷ്മയുടെ സംവിധായകനായ അമല്‍ നീരദ്.

സിനിമയുടെ ഷൂട്ട് ആരംഭിച്ചത് മുതല്‍ ഇന്നു വരെ വളരെയധികം പാഷനോടെയാണ് ഷൈന്‍ കഥാപാത്രത്തെ സമീപിച്ചതെന്നാണ് അമല്‍ നീരദ് പറയുന്നത്.

‘ചിത്രത്തിലെ നടന്മാരേയും നടിമാരേയുമെല്ലാം എണ്‍പതുകളിലേക്ക് ആക്കുകയാണ് ചെയ്തത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോ എണ്‍പതുകളില്‍ ജീവിക്കുകയായിരുന്നു. രാവിലെ സെറ്റില്‍ വന്ന് കോസ്റ്റ്യൂംസ് ധരിച്ച് കഴിഞ്ഞാല്‍ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസില്‍ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്‌സിന്റെ ഫോള്‍ ഒക്കെ നേരെ വരാനായി മൂന്നോ നാലോ അണ്ടര്‍വെയര്‍ ധരിച്ചിരുന്നു. ഇതൊന്നും നമ്മള്‍ ആവശ്യപ്പെട്ടിട്ടല്ല. അദ്ദേഹം സ്വയം ചെയ്യുന്നതാണ്.

ഒരു സെക്കന്‍ഡ് പോലും കലര്‍പ്പില്ലാതെ നൂറ് ശതമാനം സമര്‍പ്പണത്തോടെയാണ് ഷൈന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചത്.

ഷൈനിന്റെ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെ തന്നെ കൊറിയോഗ്രാഫിയാണ്. ആദ്യത്തെ ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്ത സമയത്താണ് ഈ പാട്ട് സുഷിന്‍ ചെയ്തത്. ബോള്‍ട്ട് സെറ്റ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ബ്രേക്ക് ടൈമില്‍ ഈ പാട്ട് സ്പീക്കറില്‍ ഇട്ടു. ഇത് കേട്ട് ഷൈന്‍ വെറുതെ കളിച്ച സ്റ്റെപ്പായിരുന്നു. അത് കണ്ടപ്പോള്‍ ഈ സ്റ്റെപ്പ് ഉള്‍പ്പെടുത്താമെന്ന് പറയുകയായിരുന്നു,’ അമല്‍ നീരദ് പറയുന്നു.

മമ്മൂക്കയെയും ഷൈന്‍ ടോം ചൈക്കോയേയും കൂടാതെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, ലെന, നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, മാലാ പാര്‍വതി, ജിനു ജോസഫ്, റംസാന്‍, സുദേവ് നായര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര തന്നെയാണ് ഭീഷ്മയില്‍ അണിനിരന്നിരിക്കുന്നത്.

Content Highlights: Director Amal Neraad says about Shine Tom Chacko