'ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും ആറ്റിറ്റ്യൂഡും, സ്വയം കള്‍ട്ടിവേറ്റ് ചെയ്ത ബോഡി ലാംഗ്വേജ്'
Movie news
'ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും ആറ്റിറ്റ്യൂഡും, സ്വയം കള്‍ട്ടിവേറ്റ് ചെയ്ത ബോഡി ലാംഗ്വേജ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th August 2023, 11:59 pm

നെല്‍സണ്‍ ദിലിപ് കുമാര്‍- രജിനികാന്ത് ചിത്രം ജയിലറിലെ വില്ലന്‍ കഥാപാത്രത്തിന്റെ
പെര്‍ഫോമന്‍സ് കൊണ്ട് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ് വിനായകന്‍. ജയിലറില്‍ സാക്ഷാല്‍ രജിനികാന്തിനോട് നേര്‍ക്കുനേര്‍ നില്‍ക്കുന്ന, എല്ലാം തികഞ്ഞ വില്ലനാണ് വിനായകനെന്നാണ് ആരാധകരുടെ ഭാഷ്യം. ജൂനിയര്‍ ആര്‍ടിസ്റ്റായി ഇന്‍ഡസ്ട്രിയിലെത്തിയ വിനായകന്‍ രജിനികാന്ത് സിനിമയില്‍ വലിയ റോളിലെത്തിയതിന്റെ വളര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അമല്‍ നീരദ് വിനായകനെപ്പറ്റി പറയുന്ന വാക്കുകളും ഈ അര്‍ത്ഥത്തില്‍ സിനിമാ ഗ്രൂപ്പുകളില്‍ ശ്രദ്ധനേടുന്നുണ്ട്.

വിനായകന്‍ ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും ആറ്റിറ്റ്യൂഡുമുള്ള താരമാണെന്നും ഇാ സ്‌കില്ല് അദ്ദേഹം സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതാണെന്നുമാണ് അമല്‍ നീരദ് അഭിമുഖത്തില്‍ പറയുന്നത്.

സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ് വിനായകന്റെ ബോഡി ലാംഗ്വേജെന്നും വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വര്‍ക്ക് ചെയ്തെടുക്കുന്നതെന്നും അമല്‍ പറയുന്നു.

അമല്‍ നീരദിന്റെ വാക്കുകള്‍

സാഗര്‍ ഏലിയാസ് ജാക്കി’ എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സ്റ്റൈല്‍ എന്നാണ്. ആ സ്‌കില്ലും അറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണ്.

ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതില്‍ വിനായകന്‍ ഒരു ആറുമാസം വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വര്‍ക്ക് ചെയ്തെടുക്കുന്നത്. അത് ആ ട്രാക്ക് കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകും. അതുപോലെ തന്നെയാണ് ബോഡി ലാംഗ്വേജും അറ്റിറ്റിയൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്.

അമല്‍ നീരദ്

വിനായകനെ ഞാന്‍ പടങ്ങളില്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറേ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. അതില്‍ നിന്നാണ് ഞാന്‍ പാരീസ് ഫാഷന്‍ വീക്കില്‍ വിനായകനെ ഇറക്കിയാല്‍ അവിടുത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ്. വിനായകന്‍ നല്ല ഡാന്‍സര്‍ ആണ്. ആദ്യകാല കണ്ടംപററി ഡാന്‍സേഴ്സില്‍ കൊച്ചിയില്‍ അറിയാവുന്ന ആളായിരുന്നു വിനായകന്‍. എനിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്.

എല്ലാ കാലത്തും ഞാന്‍ ഡാന്‍സേഴ്സിന്റെ ഫാന്‍ ആണ്. കുറെ പേരെ കൊണ്ടു വന്നു നിരത്തില്‍ നിര്‍ത്തിയിട്ട് വെറുതെ ക്യാമറ അവരുടെ മുന്നില്‍ കൂടെ പാന്‍ ചെയ്തു കഴിഞ്ഞാല്‍ ചില ആള്‍ക്കാരും കാമറയും തമ്മിലുള്ളതു കാന്തം പോലുള്ള കണക്ട് ആണ്. അത്തരം ഒരു ആളാണ് വിനായകന്‍. വിനായകന്‍ എന്റെ ആദ്യ ഹിന്ദി പടത്തില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അവിടെ ഒരുപാടു പേരെ ഇങ്ങനെ നിരത്തി നിര്‍ത്തിയിട്ടു ചില സാധനങ്ങളുടെ റിയാക്ഷന്‍സ് ഒക്കെ ഇങ്ങനെ എടുക്കും. പലര്‍ക്കും എപ്പോഴാണ് ക്യാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാന്‍ പറ്റില്ല. പക്ഷേ വിനായകന് ക്യാമറ തന്നെ ‘തൊടുന്നത്’ കൃത്യമായി അറിയാന്‍ പറ്റും.

Content Highlight: Director Amal Neerad’s words about Vinayakan are also gaining attention in the film circles in this sense.