'ആറാടേണ്ട' മമ്മൂക്കയെ ഞങ്ങള്‍ ഇല്ലാതാക്കിക്കളഞ്ഞെന്നായിരുന്നു ചിലര്‍ പറഞ്ഞത്, മമ്മൂക്കയെ മരമാക്കി വെച്ച് അഭിനയിക്കാന്‍ സമ്മതിച്ചില്ലെന്നായിരുന്നു വിമര്‍ശനം: അമല്‍ നീരദ്
Movie Day
'ആറാടേണ്ട' മമ്മൂക്കയെ ഞങ്ങള്‍ ഇല്ലാതാക്കിക്കളഞ്ഞെന്നായിരുന്നു ചിലര്‍ പറഞ്ഞത്, മമ്മൂക്കയെ മരമാക്കി വെച്ച് അഭിനയിക്കാന്‍ സമ്മതിച്ചില്ലെന്നായിരുന്നു വിമര്‍ശനം: അമല്‍ നീരദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th April 2022, 1:00 pm

ബിഗ് ബി റിലീസായ സമയത്ത് ചിത്രത്തെ കുറിച്ച് പറഞ്ഞ ഏറ്റവും വലിയ കുറ്റങ്ങളിലൊന്ന് മലയാളിത്തം ഇല്ല എന്നതായിരുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദ്.

‘നിങ്ങളുടെ പൊള്ളാച്ചി സിനിമയേക്കാള്‍ മലയാളിത്തം എന്റെ ഫോര്‍ട്ട് കൊച്ചി സിനിമയ്ക്ക് ഉണ്ട് എന്നായിരുന്നു അന്നത്തെ വിവരമില്ലായ്മയില്‍ അതിനെതിരെ താന്‍ പ്രതികരിച്ചതെന്നും അമല്‍ നീരദ് പറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബിയിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ പിടിച്ച ഒരു ഇന്ററസ്റ്റിങ് മീറ്റര്‍ ആണ് ബിഗ് ബിയുടെ പെര്‍ഫോമന്‍സ് എന്നും അമല്‍ നീരദ് പറഞ്ഞു.

‘അദ്ദേഹത്തെപ്പോലെ അനുഭവ പരിചയവും ഫിലിമോഗ്രാഫിയും ഉള്ള ഒരാളുടെ അടുത്ത് ഞാന്‍ അഭിനയം കാണിച്ചുകൊടുത്തിട്ടില്ല. അദ്ദേഹത്തിനോടല്ല, ഒരാളുടെ അടുത്തും ഞാന്‍ അഭിനയം കാണിച്ചുകൊടുത്തിട്ടില്ല.

കഥാപാത്രങ്ങള്‍ എവിടെ നിന്ന് വരുന്നു, അവരുടെ സ്വഭാവം എന്താണ് എന്ന് മാത്രമാണ് ഞാന്‍ അഭിനേതാക്കളോട് സംസാരിക്കാറ്. മമ്മൂക്ക പിടിച്ച ആ ക്യാരക്ടറില്‍ ഞാന്‍ സൂപ്പര്‍ എക്‌സൈറ്റഡ് ആയിരുന്നു. പക്ഷേ അതിന് വന്ന വിമര്‍ശനം ഞാന്‍ മമ്മൂക്കയെ മരമാക്കി വെച്ചു അഭിനയിക്കാന്‍ സമ്മതിച്ചില്ല എന്നായിരുന്നു.

പിന്നീട് അഞ്ചാറു വര്‍ഷം കഴിഞ്ഞു വന്ന തലമുറ ആണ് അത് ഭയങ്കര ബ്രില്യന്റായ ആക്ടിങ്ങോ പെര്‍ഫോമന്‍സോ ആണെന്ന് പറഞ്ഞുതുടങ്ങിയത്. ” ആറാടേണ്ട ” മമ്മൂക്കയെ ഞങ്ങള്‍ ഇല്ലാണ്ടാക്കിക്കളഞ്ഞു എന്ന ചര്‍ച്ചയാണ് ആ സിനിമയുടെ കാലത്ത് വന്നത്.

മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ മമ്മൂക്കയുടെ ഇതുവരെയുള്ള സിനിമകളെ മറന്നുകൊണ്ടൊന്നും സിനിമ ചെയ്യാന്‍ കഴിയില്ല. ‘താളികളെ എന്റെടുത്ത് താളിക്കാന്‍ വന്നാല്‍ പ്രാന്തന്‍ കുര്യച്ചനാണേ വെട്ടിക്കീറി പട്ടിക്കിട്ടുകൊടുക്കും ഞാന്‍’ എന്നൊരു ഡയലോഗ് പറയുമ്പോള്‍ മമ്മൂക്കയില്‍ ഒരു തരത്തില്‍ ഒരു സൈക്കോ സ്ഫുരണം ഉണ്ട്. അത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടി ആണ്. അത് ഞാനായിട്ട് ഉണ്ടാക്കിയതല്ല, മമ്മൂക്കയ്ക്ക് ചെയ്യണം എന്ന് തോന്നിയിടിട്ട് വന്നതാണ്.

മമ്മൂക്ക എന്ന ആക്ടറിന് ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഒരുപാട് സ്‌പേസുകള്‍ ഉണ്ട് എന്നതാണ്. അത് അദ്ദേഹത്തിന്റെ ഒരു എക്‌സ്‌പ്ലോഷന്‍ കൂടിയാണ്, അമല്‍ നീരദ് പറഞ്ഞു.

Content highlight: Director Amal Neerad About Mammotty Performance on Bheeshma Parvam