| Tuesday, 5th April 2022, 12:26 pm

'ഒന്ന് ടിക്കറ്റെടുത്ത് നോക്ക്' എന്ന് മമ്മൂക്ക പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ല, ആ പറഞ്ഞത് ഒരു വിശ്വാസത്തിന്റെ പുറത്താണ്: അമല്‍ നീരദ് 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പല സംവിധായകര്‍ക്കൊപ്പവും മമ്മൂക്ക വര്‍ക്ക് ചെയ്യുന്നത് ഒരു ബേസിക്ക് വിശ്വാസത്തിലാണെന്നും ഭീഷ്മ റിലീസിന് മുന്‍പ് നടന്ന പ്രൊമോഷന്‍ പരിപാടിക്കിടെ എന്തുകൊണ്ട് ഭീഷ്മയ്ക്ക് ടിക്കറ്റെടുക്കണമെന്ന ഒരാളുടെ ചോദ്യത്തിന് ‘ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് മമ്മൂക്ക പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിരുന്നില്ലെന്നും സംവിധായകന്‍ അമല്‍ നീരദ്. മമ്മൂക്കയുടെ ആ പറച്ചില്‍ പടത്തിന്റെ മുകളിലുള്ള വിശ്വാസത്തിന്റെ പുറത്താണെന്നും അമല്‍ നീരദ് മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ മമ്മൂക്ക ഒരുപാട് പേരുടെ കൂടെ ഇങ്ങനെ വര്‍ക്ക് ചെയ്യുന്നത് ഒരു ബേസിക്ക് വിശ്വാസത്തിലാണ്. ഈയിടെ ഭീഷ്മ പര്‍വ്വത്തിന്റെ കാര്യത്തില്‍ ‘ ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ല. അത് പടത്തിന്റെ മുകളിലുള്ള വിശ്വാസത്തിന്റെ പുറത്താണ്. ആ വിശ്വാസം അദ്ദേഹം എല്ലാവര്‍ക്കും കൊടുത്തിട്ടുമുണ്ട്. ആ വിശ്വാസം ഒരുപാട് ചെറുപ്പക്കാര്‍ ആയ സംവിധായകര്‍ വളരെ പോസിറ്റീവായി ഉപയോഗിച്ചിട്ടും ഉണ്ട്,’ അമല്‍ നീരദ് പറഞ്ഞു.

ഞങ്ങളുടെ ആ സമയത്ത് പുതിയ ഫിലിം മേക്കേര്‍സ് വരുമ്പോള്‍ ആ ഫിലിം മേക്കര്‍ മാത്രം പുതിയതായിരിക്കും. പക്ഷേ ബാക്കി ക്യാമറാമാന്‍മാര്‍ മുതലുള്ള ക്രൂ പഴയ ആള്‍ക്കാര്‍ ആയിരിക്കും. പക്ഷേ ബിഗ് ബി എന്ന സിനിമയിലെ എല്ലാവരും പുതിയതായിരുന്നു.

മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ മമ്മൂക്കയുടെ ഇതുവരെയുള്ള സിനിമകളെ മറന്നുകൊണ്ടൊന്നും സിനിമ ചെയ്യാന്‍ കഴിയില്ലെന്നും അമല്‍ നീരദ് പറഞ്ഞു ‘താളികളെ എന്റെടുത്ത് താളിക്കാന്‍ വന്നാല്‍ പ്രാന്തന്‍ കുര്യച്ചനാണേ വെട്ടിക്കീറി പട്ടിക്കിട്ടുകൊടുക്കും ഞാന്‍’ എന്നൊരു ഡയലോഗ് പറയുമ്പോള്‍ മമ്മൂക്കയില്‍ ഒരു തരത്തില്‍ ഒരു സൈക്കോ സ്ഫുരണം ഉണ്ട്. അത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടി ആണ്. അത് ഞാനായിട്ട് ഉണ്ടാക്കിയതല്ല, മമ്മൂക്കയ്ക്ക് ചെയ്യണം എന്ന് തോന്നിയിട്ട് വന്നതാണ്.

മമ്മൂക്ക എന്ന ആക്ടറിന് ഇനിയും എക്സ്പ്ലോര്‍ ചെയ്യാന്‍ ഒരുപാട് സ്പേസുകള്‍ ഉണ്ട് എന്നതാണ്. അത് അദ്ദേഹത്തിന്റെ ഒരു എക്സ്പ്ലോഷന്‍ കൂടിയാണ്, അമല്‍ നീരദ് പറഞ്ഞു.

ബിഗ് ബിയിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ പിടിച്ച ഒരു ഇന്ററസ്റ്റിങ് മീറ്റര്‍ ആണ് ബിഗ് ബിയുടെ പെര്‍ഫോമന്‍സ് എന്നും അമല്‍ നീരദ് പറഞ്ഞു. ‘അദ്ദേഹത്തെപ്പോലെ അനുഭവ പരിചയവും ഫിലിമോഗ്രാഫിയും ഉള്ള ഒരാളുടെ അടുത്ത് ഞാന്‍ അഭിനയം കാണിച്ചുകൊടുത്തിട്ടില്ല. അദ്ദേഹത്തിനോടല്ല, ഒരാളുടെ അടുത്തും ഞാന്‍ അഭിനയം കാണിച്ചുകൊടുത്തിട്ടില്ല.

കഥാപാത്രങ്ങള്‍ എവിടെ നിന്ന് വരുന്നു, അവരുടെ സ്വഭാവം എന്താണ് എന്ന് മാത്രമാണ് ഞാന്‍ അഭിനേതാക്കളോട് സംസാരിക്കാറ്. മമ്മൂക്ക പിടിച്ച ആ ക്യാരക്ടറില്‍ ഞാന്‍ സൂപ്പര്‍ എക്സൈറ്റഡ് ആയിരുന്നു. പക്ഷേ അതിന് വന്ന വിമര്‍ശനം ഞാന്‍ മമ്മൂക്കയെ മരമാക്കി വെച്ചു അഭിനയിക്കാന്‍ സമ്മതിച്ചില്ല എന്നായിരുന്നു.

പിന്നീട് അഞ്ചാറു വര്‍ഷം കഴിഞ്ഞു വന്ന തലമുറ ആണ് അത് ഭയങ്കര ബ്രില്യന്റായ ആക്ടിങ്ങോ പെര്‍ഫോമന്‍സോ ആണെന്ന് പറഞ്ഞുതുടങ്ങിയത്. ‘ ആറാടേണ്ട ‘ മമ്മൂക്കയെ ഞങ്ങള്‍ ഇല്ലാണ്ടാക്കിക്കളഞ്ഞു എന്ന ചര്‍ച്ചയാണ് ആ സിനിമയുടെ കാലത്ത് വന്നത്.

ബിഗ് ബി റിലീസായ സമയത്ത് ചിത്രത്തെ കുറിച്ച് പറഞ്ഞ ഏറ്റവും വലിയ കുറ്റങ്ങളിലൊന്ന് മലയാളിത്തം ഇല്ല എന്നതായിരുന്നുവെന്ന്  അമല്‍ നീരദ് പറഞ്ഞു.

‘നിങ്ങളുടെ പൊള്ളാച്ചി സിനിമയേക്കാള്‍ മലയാളിത്തം എന്റെ ഫോര്‍ട്ട് കൊച്ചി സിനിമയ്ക്ക് ഉണ്ട് എന്നായിരുന്നു അന്നത്തെ വിവരമില്ലായ്മയില്‍ അതിനെതിരെ താന്‍ പ്രതികരിച്ചതെന്നും അമല്‍ നീരദ് പറയുന്നു.

ബിഗ് ബി ഷൂട്ട് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ വേണം എന്ന കാര്യത്തില്‍ ധാരണ ഇല്ലെങ്കിലും എന്തൊക്കെ വേണ്ട എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യത ഉണ്ടായിരുന്നെന്നും അമല്‍ നീരദ് പറഞ്ഞു.
അതില്‍ ഒന്നാണ് സിനിമകളില്‍ കാണുന്ന എല്ലാം വെളുത്ത് കാണുന്ന ലൈറ്റിങ് വേണ്ട എന്ന തീരുമാനം. അന്ന് സൂപ്പര്‍സ്റ്റാര്‍ സിനിമ ഷൂട്ട് ചെയ്യുന്ന സെറ്റപ്പില്‍ ഒന്നും അല്ല ഈ സിനിമ മേക്ക് ചെയ്തത്. സൂപ്പര്‍ സിക്സ്ടീന്‍ ക്യാമറയില്‍ ഫിലിമില്‍ ആയിരുന്നു ഷൂട്ട്. സൂപ്പര്‍ സിക്സ്ടീന്‍ ക്യാമറ ചെറിയ ക്യാമറ ആണ്. ടോപ്പ് ആങ്കിള്‍ എടുക്കാന്‍ സാധിക്കാത്തിടത്ത് ഞാന്‍ ക്യാമറ പൊക്കിപ്പിടിച്ച് നടന്ന് ഷൂട്ട് ചെയ്തിട്ടുണ്ട്.

അതുപോലെ അന്നത്തെ സിനിമകളില്‍ നായകനും വില്ലനും കണ്ടുമുട്ടുമ്പോള്‍ നായകന്‍ വില്ലന്റെ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടക്കം കഥകള്‍ പറയുന്ന രീതി ഉണ്ടായിരുന്നു. അവര്‍ ഡയലോഗ് പറയാന്‍ തുടങ്ങി ഒരു പോയിന്റ് കഴിയുമ്പോള്‍ അവര്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നമ്മള്‍ തന്നെ മറന്നുപോകും.

നായകന്മാര്‍ ഒരുപാട് സംസാരിക്കരുത് എന്ന നിര്‍ബന്ധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. കുടുംബ മാഹാത്മ്യങ്ങളും കുടുംബ പേരുകളും പറഞ്ഞായിരുന്നു അവര്‍ സ്വയം വലുതായത്. അങ്ങനെ ഒന്നും പറയാനില്ലാത്ത അനാഥര്‍ ആയിരുന്നു ബിഗ് ബിയിലെ കഥാപാത്രങ്ങള്‍. ‘ ബിലാലിക്ക….മുരുകനിക്കയും ഉണ്ടല്ലോ” എന്ന തരത്തിലുള്ള കോമഡികളില്‍ ആയിരുന്നു ഞങ്ങള്‍ക്ക് താത്പര്യം.

ബിഗ് ബി കഴിഞ്ഞപ്പോള്‍ സിനിമയില്‍ തന്നെ ഉള്ള ഒരാള്‍ എന്നോട് ഇങ്ങനെ ആണ് നിരൂപിച്ചത്: ബിഗ് ബിയില്‍ ഞാന്‍ ചെയ്ത തെറ്റ്, അവസാനം ബിലാല്‍ സായിപ്പ് ടോണിയെ കണ്ടിട്ട് ടോണിയുടെ അടുത്ത് സര്‍ക്കുലര്‍ ട്രാക്കില്‍ കുറച്ച് ഡയലോഗ് പറയിച്ചില്ല എന്നതാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ സിനിമ ഹിറ്റായേനെ.

പക്ഷേ നെടുനീളന്‍ ഡയലോഗ് പറയിക്കില്ല എന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് മലയാള സിനിമയില്‍ ‘തന്തയ്ക്ക് പിറന്നവരെ’ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പക്ഷേ ബിഗ് ബിയില്‍ തങ്ങളെ ബുദ്ധിയുള്ള ഒരു അമ്മയാണ് വളര്‍ത്തിയത് എന്ന സ്റ്റേന്റ്മെന്റാണ് അവര്‍ നടത്തുന്നത്. ‘ അങ്ങനെ ഒരു അമ്മ ടോണിക്ക് ഇല്ലാതെ പോയതാണ് അയാളുടെ പ്രശ്നം’ എന്നാണ് അവര്‍ ഡിസ്‌കസ് ചെയ്തത്, അമല്‍ നീരദ് പറഞ്ഞു.

Content Highlight: Director Amal Neerad About Mammootty Trust on Directors

Latest Stories

We use cookies to give you the best possible experience. Learn more